ആര്‍ അജിരാജകുമാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിന് വിരാമം. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരന്‍ എത്തും. യു ഡി എഫ് കണ്‍വീനറായി ബെന്നി ബഹന്നാനെ നിയമിക്കാനും ധാരണ. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി നടത്തും. മാസങ്ങളായി കെ പി സി സി അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ നിലനിന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമാകും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് അവസാന നിമിഷം വരെ സജീവമായി കെ പി സി സി അമരത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഡി സി സി പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ഗ്രൂപ്പ് വ്യത്യാസം മറന്ന് സുധാകരനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് നേതാക്കള്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ഡി സി സി ഭാരവാഹികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് തടയിടാനും സി പി എമ്മിനെതിരെ രാഷ്ട്രീയ യുദ്ധം നടത്താനും ശക്തമായ നേതൃത്വം സുധാകരന്റെ വരവോടെ സംജാതമാകും. തീയ്യ സുമുദായാംഗമായ കെ സുധാകരന്റെ നിയമനം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇഴവ സമുദായാംഗങ്ങളുടെ പിന്തുണ നേടിയെടുക്കാനും ഗുണം ചെയ്യും. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ബെന്നി ബഹന്നാന്‍ എത്തുന്നുവെന്നതാണ് മറ്റൊരു രാഷ്ട്രീയ നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ട ബെന്നിക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് കാലങ്ങളായി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യം ഉന്നയിച്ചുവരികയാണ്.
ഇതിനിടയില്‍ യാക്കോബായ സമുദായാംഗമായ പി പി തങ്കച്ചന്‍ സ്ഥാനമൊഴിയുന്ന മുന്നണി കണ്‍വീനര്‍ പദവിയിലേക്ക് അതേ സമുദായാംഗമായ ബെന്നി ബെഹന്നാനെ നിയമിക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേകം ക്ഷണിതാവായി നിയമിച്ചേക്കും. ഒപ്പം വടകര ലോകസഭാ മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുന്ന എം എം ഹസനെ വയനാട്, ആറ്റിങ്ങള്‍ ലോകസഭ മണ്ഡലങ്ങളിലൊന്നില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നും എം ഐ ഷാനവാസ് പിന്‍മാറിയാല്‍ വയനാട് സീറ്റില്‍ മത്സരിക്കാനാണ് ഹസന് താല്‍പര്യം. ഇക്കാര്യം ഏ കെ ആന്റണിയെ എം എം ഹസന്‍ അറിയിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പ് നേതാവായ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടിരിക്കുന്നത്. കേരളത്തില്‍ എ ഗ്രൂപ്പിനെ പ്രതിനിധികരിക്കുന്ന ഡി സി സി പ്രസിഡന്റുമാരെ സുധാകരന് വേണ്ടി രംഗത്തിറങ്ങാന്‍ നിര്‍ദേശം നല്‍കിയതും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ നീക്കമായിരുന്നു.
അതേസമയം, സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കൂടുതല്‍ കരുത്തനാകുന്നത് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലക്ക് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പിന്നാലെ കെ പി സി സി പ്രസിഡന്റ്, യു ഡി എഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഫലം കാണുന്നത് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം കൂടുതല്‍ കരുത്തനാകുന്നതിന്റെ സൂചന കൂടിയാണ്.