കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ‘അമ്മയും ഇര’, പിന്നില്‍ അച്ഛനെന്ന് സംശയിച്ച് കൂടേയെന്നും സുപ്രീംകോടതി

Kerala Latest News

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയെന്ന് സുപ്രീംകോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. അതേസമയം കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മകന്‍ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകന്‍ കോടതിയെ അറിയിച്ചു.
പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകന്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ആയിരുന്നപ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചു. മകന്‍ ഇപ്പോള്‍ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ് അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ വാദം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന് രണ്ടാഴ്ചത്തെ സമയം നല്‍കി. രണ്ടാഴ്ചത്തേക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, കേസില്‍ വിചാരണ നേരിടാന്‍ അമ്മയോട് നിര്‍ദേശിക്കണമെന്നാണ് അഭിഭാഷക അന്‍സു കെ.വര്‍ക്കി മുഖേനെ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യം.
പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പിഡീപ്പിച്ചുവെന്ന കേസ് കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടുകയും ഡിസംബറില്‍ തിരുവനന്തപുരം പോക്‌സോ കോടതി കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *