നേതാക്കള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു; റിപ്പോര്‍ട്ട് നല്‍കി താരിഖ് അന്‍വര്‍

Kerala Latest News

തിരുവനന്തപുരം: കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വില്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി കേരളത്തിന്റെ ചുമതലുയുള്ള താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തിരെഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായത്. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. നേതൃതവത്തിലെ അനൈക്യം താഴെക്കിടയിലേക്കും വ്യാപിച്ചു. ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് ലഭിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ യു ഡി എഫിന് വന്‍ വിജയം ഉണ്ടായത്. എന്നാല്‍ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന്കോണ്‍ഗ്രസ് പാഠം ഉള്‍കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടുംഇതില്‍ അലംഭാവം കാണിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ കേരളത്തിലെ തോല്‍വിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. കെ സി വേണുഗോപാലാണ് തോല്‍വിക്ക് പ്രധാന ഉത്തരവാദി. അദ്ദേഹം സ്ഥാനാര്‍തി നിര്‍ണയത്തില്‍ നടത്തിയ പല ഇടപെടലുകളും തിരഞ്ഞെടുപ്പില്‍ ക്ഷീണമായി. പ്രാദേശിക നേതാക്കളെ ശത്രുപക്ഷത്ത് എത്തിക്കാന്‍ കെ സിയുടെ നിലപാടുകള്‍ കാരണമായി. അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും ഇരു ഗ്രൂപ്പുകളും വേറിട്ട് നല്‍കി പരാതിയില്‍ പറയുന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും ഗ്രൂപ്പകള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ തോല്‍വിയെക്കുറിച്ച്‌ പഠിക്കാന്‍ ഹൈക്കമാന്‍ഡ് അശോക് ചവാന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നേതൃമാറ്റം അടക്കമുള്ള സുപ്ധന തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് കൈക്കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *