പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് വ്യാപാരികള്‍

Kerala Latest News

തിരുവനന്തപുരം: വ്യാപാരികളുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി അനുകൂലമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. സമരത്തിനില്ലെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അശാസ്ത്രീയമായ കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം കടകള്‍ തുറക്കാനാകാതെ വലയുന്ന വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സമരം പൊടുന്നനെ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയില്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ചര്‍ച്ചയില്‍ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കള്‍ വൈകുന്നേരത്തോടെ ടിവി ചാനല്‍വഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്റിന്റെ പ്രസ്താവന കാണുന്നത്. ഇതാണ് വ്യാപാരികളില്‍ ചിലരെ പ്രകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *