കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. ആസാദ് കാശ്മീര്‍ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ആവര്‍ത്തിക്കുന്നത്. രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന പരാമര്‍ശമാണിത്. ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും വി. മുരളീധരന് വ്യക്തമാക്കി.
കശ്മീരുമായി ബന്ധപ്പെട്ട കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നുമാണ് ജലീല്‍ വിശേഷിപ്പിച്ചത്. വിഷയത്തില്‍ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
പഞ്ചാബ്, കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെ.ടി. ജലീലിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്ന് പോസ്റ്റില്‍ കെ.ടി. ജലീല്‍ പറയുന്നു. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നതായും ജലീല്‍ കുറിക്കുന്നുണ്ട്.