കേരളത്തിന്റെ കൊവിഡ് പ്രതിരോധം; കേന്ദ്ര സംഘത്തിന് സംതൃപ്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala Latest News

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് സംഘം പരിശോധിച്ചത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ നടപടികളിലും സംഘം സംതൃപ്തരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ട്. ജൂലൈയില്‍ 90 ലക്ഷം വാക്‌സിന്‍ അധികം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍, രോഗം വരാന്‍ സാധ്യതയുള്ളവര്‍ ഇവിടെ കൂടുതലാണ്. അതിനാല്‍ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണം. ഈ നിര്‍ദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്. രണ്ടാം തരംഗം മറികടക്കാത്തതിനാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *