സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകള്‍ പരിശോധിച്ച റിസള്‍ട്ട് ഇന്ന് രാവിലെ ലഭിച്ചു. ഇതോടെയാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യപ്രവര്‍ത്തകരാണ്.

ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. രോഗം ബാധിച്ചവര്‍ എല്ലാരും തന്നെ വീടുകളിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം പാറശാലയിലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഗര്‍ഭിണിയായ യുവതിയ്ക്കാണ് രോഗ ബാധ കണ്ടെത്തിയിരുന്നത്.

കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഈഡിസ് ഈജിപ്തി എന്നറിയപ്പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് അസുഖം വന്നാല്‍ വലിയ ഗുരുതരമാകില്ല. എന്നാല്‍ ഗര്‍ഭിണികളില്‍ രോഗബാധ ഉണ്ടായാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനം, രോഗ വ്യാപനം തടയല്‍ എന്നിവ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് തീരുമാനിക്കാന്‍ ഇന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ രതീശന്‍, ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *