കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിൽ കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17 ന് ചർച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തിൽ ഉൾപ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സിപിഎം സംസ്ഥാന സമിതിയിൽ ഗതാഗത വകുപ്പിനെ കുറിച്ച് വിമർശനമുണ്ടായെന്നതിനെ കുറിച്ച് അറിവില്ലെന്നും വിമർശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു. അതേ സമയം, കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.