പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണം; ദമ്പതികളെ അപമാനിച്ച് ഉദ്യോഗസ്ഥന്‍

India

ലക്‌നോ: പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ മതം മാറണമെന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ആരോപണം. ലക്‌നോവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍നിന്ന് ദുരനുഭവമുണ്ടായത്. ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ദന്പതികള്‍. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്‍കെ തന്‍വിയോടു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇയാള്‍ അനസിനോടും തട്ടിക്കയറി.

ഫയല്‍ തടഞ്ഞുവച്ചശേഷം വികാസ് തങ്ങളെ അഡീഷനല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ അടുത്തേക്ക് അയച്ചെന്നും അദ്ദേഹം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്നും തന്‍വി പറയുന്നു. വിവാഹം കഴിച്ചതിനുശേഷവും ഭര്‍ത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ക്കാത്തതിന് അയാള്‍ രോഷം കൊണ്ടു. വിവാഹം കഴിഞ്ഞാല്‍ പേര് മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിനാവശ്യമായ എല്ലാ രേഖകളും താന്‍ സമര്‍പ്പിച്ചിരുന്നു. തങ്ങളെ എല്ലാവരുടെയും മുന്നില്‍വച്ച് അപമാനിച്ചെന്നും തന്‍വി പറയുന്നു. 12 വര്‍ഷം മുന്പായിരുന്നു ദന്പതികളുടെ വിവാഹം. ലക്‌നോ പാസ്‌പോര്‍ട്ട് ഓഫീസില്‍ തങ്ങള്‍ക്കുണ്ടായ അനുഭവം, ട്വിറ്ററില്‍ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ തന്‍വി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *