മോസ്കോ: റഷ്യയിലെ നഗരത്തില്‍ നീല നിറത്തിലുള്ള തെരുവ് നായ്ക്കളുടെ കൂട്ടം കണ്ടു . ഷെര്ഷിന്സ്ക് നഗരത്തില്‍ നിഷ്നി നോവ്ഗോരോഡ് പ്രദേശത്താണ് നീല നിറത്തിലുള്ള തെരുവ് നായ്ക്കളെ കണ്ടത് . അതെ സമയം റഷ്യന്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വികെയില്‍ നായ്ക്കളുടെ ചിത്രങ്ങള്‍ വൈറലായി .സംഭവത്തിൽ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ രാസമാലിന്യമാണ് നായ്ക്കളുടെ നീല നിറത്തിന് കാരണമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെര്ഷിന്സ്കില് നേരത്തേ രാസ ഉല്‍പ്പാദന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഫാക്ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജര്‍ ആന്‍ഡ്രി മിസ്ലിവെറ്റ്സ് പറഞ്ഞു. എന്നാൽ ആറുവര്‍ഷം മുമ്ബ് പ്ലാന്റ് അടച്ച് പൂട്ടിയിരുന്നു.
ഇതുവഴി നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് പതിവാണ്. അപ്പോള്‍ അവര്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയിരിക്കാം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്ബും സമാനമായി നായ്ക്കളെ മറ്റു നിറങ്ങളില്‍ കണ്ടതായി കേട്ടിരുന്നു. നായ്ക്കളെ അവിടെ നിയന്ത്രിക്കാന്‍ ആരുമില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടർന്ന് ഷെര്ഷിന്സ്ക് നഗര അധികൃതര്‍ നായ്ക്കളെ പിടികൂടി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ്.