വെള്ളൂരിലെ റബർ പാർക്ക് അടുത്തവർഷം പകുതിയോടെ; 65 കമ്പനികൾക്ക് സൗകര്യം

Kerala

പ്രീത് തോമസ്‌

കോട്ടയം: വെള്ളൂരിലെ റബർ അധിഷ്ഠിത വ്യവസായ പാർക്ക് അടുത്തവർഷം പകുതിയോടെ പ്രവർത്തനസജ്ജമാക്കാൻ അതിവേഗനടപടികൾ. ഇതിന്‍റെ ഭാഗമായി പാർക്കിനായി സർക്കാർ അനുവദിച്ച സ്ഥലം മതിൽകെട്ടി വേർതിരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി ടെണ്ടറും വിളിച്ചു. പാർക്കിനുള്ളിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള റോഡിന്‍റെ നിർമാണവും ഉടൻ തുടങ്ങും. മറ്റ് അടിസ്ഥാനസൗകര്യങ്ങളും വേഗത്തിലൊരുക്കാനാണ് വ്യവസായവകുപ്പിന്‍റെ തീരുമാനം.
വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കർ ഭൂമിയാണ് റബർ പാർക്ക് സ്ഥാപിക്കാനായി കേരള റബർ ലിമിറ്റഡിന് സർക്കാർ കൈമാറിയിരിക്കുന്നത്. പദ്ധതിയുടെ വിശദപദ്ധതിരേഖയും (ഡി.പി.ആർ) സർക്കാർ അംഗീകരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി മണ്ണ് പരിശോധന പൂർത്തിയാക്കിയാണ് കേരള റബർ ലിമിറ്റഡ് നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് . തൃശൂർ ഡിസ്്ട്രക്റ്റ് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാകും റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമാണം. ഇവർ സർവേയും നടത്തിയിരുന്നു. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം കമ്പനിക്ക് കൈമാറുന്ന നടപടികൾ പൂർത്തിയായിട്ടില്ല.

അറുപത്തഞ്ചോളം യൂനിറ്റുകൾക്കുള്ള സൗകര്യമാണ് പാർക്കിലുണ്ടാകുക. ടയർ ഒഴികയുള്ള റബർ ഉൽപന്നങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവക്കായും കമ്പനി ഊന്നൽ നൽകുക. നിലവിൽ റബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾ കേരള റബർ ലിമിറ്റഡിനെ താത്പര്യം അറിയിച്ചിട്ടുണ്ട്.
റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിങ്‌ സെന്‍റർ, സ്റ്റെറിലൈസറിങ്‌ സെന്‍റർ, ബിസിനസ് ഇൻക്യുബേഷൻ സെന്‍റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം തുടങ്ങിയവയും പാർക്കിലുണ്ടാകും.

ഇതിനായി എജൻസികളെയോ കണ്ടെത്താനാണ് ശ്രമം. ഇത് വിജയിച്ചില്ലെങ്കിൽ കമ്പനി നേരിട്ട് സംവിധാനങ്ങൾ ഒരുക്കും. 253.58 കോടി മുതൽമുടക്കുള്ള പദ്ധതിയിലുടെ 8000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, കേരള റബർ ലിമിറ്റഡിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫിനാൻസ് ആന്‍റ് അക്കൗണ്ട്സ് മാനേജറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *