എഷ്യയിലെ ആദ്യ സോളാർ റോ-റോ 18 മാസത്തിനുള്ളിൽ ; നിർമാണം തുടങ്ങി

Kerala

പ്രീത് തോമസ്‌

കോട്ടയം: എഷ്യയിലെ ആദ്യ സോളാർ റോ-റോയുടെ ഉടമസ്ഥരാകാൻ ജലഗതാഗതവകുപ്പ്. വൈക്കം-തവണക്കടവ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന റോൾ ഓൺ റോൾ ഓഫ് (റോ-റോ) ന്‍റെ നിർമാണത്തിന് തുടക്കമായി.18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കാനാണ് തീരുമാനം. നേരത്തെ ഇ റോ-റോ സർവീസിനാണ് സാധ്യതാ പഠനം നടത്തിയതെങ്കിലും വൈദ്യൂതിക്കൊപ്പം സൗരോർജ്ജം ഉപയോഗിക്കുന്നത് ചെലവ് കുറക്കാൻ സഹായിക്കുമെന്ന് കണ്ടതോടെ രണ്ടും ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ബോട്ടെന്ന ആശയത്തിലേക്ക് ജലഗതാഗതവകുപ്പ് എത്തുകയായിരുന്നു. ഇതിൽ പഠനം നടത്തിയ സാങ്കേതിക സമിതി
വൈദ്യുതിക്കൊപ്പം സൗരോർജവും ഉപയോഗിക്കാൻ അനുമതി നൽകി. പിന്നാലെ സർക്കാർ ഭരണാനുമതിയും നൽകിയതോടെ കഴിഞ്ഞമാസം നിർമാണത്തിന് തുടക്കമായി. ആലപ്പുഴ പാണാവള്ളിയിലെ സ്വകാര്യയാർഡിലാണ് നിർമാണം. ഇത് പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ആദ്യ വൈദ്യുത-സൗരോർജ റോ-റോ സർവീസായിത് മാറും.

ഡീസൽ റോ-റോ സർവീസുകൾ നഷ്‌ടത്തിലായതോടെയാണ് ഇലക‌്ട്രിക് സംവിധാനത്തെക്കുറിച്ച്‌ ജലഗതാഗതവകുപ്പ് ആദ്യം ആലോചിച്ചത്‌‌. കാര്യക്ഷമതകൂടിയ എഞ്ചിൻ ആവശ്യമായതിനാൽ വലിയതോതിൽ ഇന്ധനം ഉപയോഗിക്കേണ്ടിവരുന്നതായിരുന്നു ഡീസൽ റോ-റോ നഷ്‌ടത്തിലാവാൻ കാരണം. ഇതിനുപകരം വൈദ്യുതി ഉപയോഗിച്ചാൽ 60 ശതമാനം പ്രവർത്തനച്ചെലവ് കുറക്കാമെന്നാണ് വിലയിരുത്തൽ. സൗരോർജം കൂടി ഉപയോഗിച്ചാൽ ഇത്‌ 70 ശതമാനമാക്കാമെന്നാണ്‌ കണ്ടെത്തൽ. 60-40 ശതമാനമാകും വൈദ്യുത- സൗരോർജ ഉപയോഗ അനുപാതം. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താൻ കഴിയും. സൗരോർജം പൂർണമായി ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
യാത്രാബോട്ടുകളേക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാകും റോ-റോ. ഏട്ട് കോടിയോളം രൂപയാണ്‌ നിർമാണ ചെലവ്‌ പ്രതീക്ഷിക്കുന്നത്. 80 ടൺ വഹിക്കാൻ ശേഷിയുള്ള ഇതിന്‌ 30 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ടാവും. ഒരു ട്രെയിലർ ഉൾപ്പെടെ നാല്‌ കണ്ടെയ്‌നർ കയറ്റാനാകും. ഇതിനൊപ്പം യാത്രക്കാർക്ക്‌ സഞ്ചരിക്കാനും ഇടമുണ്ടാകും.
ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. ജങ്കാറിൽ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാൽ, റോ റോയിൽ ഒരുവശത്തുകൂടി വാഹനങ്ങള്‍ കയറ്റി മറുവശത്തുകൂടി പുറത്തേക്ക് ഇറക്കാന്‍ കഴിയും. നേരത്തെ ബജറ്റിൽ മൂന്നു കിലോമീറ്റർ ദൂരമുള്ള വൈക്കം-തവണക്കടവ് റൂട്ടിൽ റോ റോ സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജലഗതാഗതവകുപ്പിന്‍റെ സോളാർ ബോട്ട് ഇറക്കിയത് വൻ വിജയമായിരുന്നു. ഇതിൻെറ തുടർച്ചയായാണ് പുതു പരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *