ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാനൊരുങ്ങി നാടും നഗരവും

Kerala Latest News

ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്.
അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി .ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓര്‍മ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.

ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുതിര്‍ന്ന പൗരന്മാര്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉള്‍പ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തില്‍ അനുവദിക്കില്ല.

ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. നാളെ രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും.
അലങ്കരിച്ച വീഥികളില്‍ പീലി ചൂടി ഉണ്ണിക്കണ്ണന്‍മാര്‍ നിറയും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളാണ് നടക്കുക.

രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആഘോഷം കൂടിയാണ് ഇത്തവണത്തേത്.

Leave a Reply

Your email address will not be published. Required fields are marked *