പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് പിന്നാലെ എസ് എം എല്‍ ഫിനാന്‍സ് ഉടമയും അഴിക്കുള്ളില്‍; കേരളത്തില്‍ സ്വകാര്യ ഫിനാന്‍സ് കമ്പിനികളുടെ ഇടപാടുകളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു.

Latest News

ആര്‍ അജിരാജകുമാര്‍

കൊച്ചി: കൊള്ളപലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കേരളത്തിലെ പ്രമുഖ ഫിനാന്‍സ് കമ്പിനി ഉടമയെ ഇ ഡി അറസ്റ്റ് ചെയ്തു. കുന്നംകുളം ആസ്ഥാനമായുള്ള എസ് എം എല്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും ബി ആര്‍ ഡി ഗ്രൂപ്പ് ചെയര്‍മാനുമായ സി സി വില്യംസിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. 1600 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് പിന്നാലെ കേരളത്തിലെ മറ്റൊരു പ്രമുഖ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയും വലയിലായിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് വഴിവെച്ചിരിക്കുന്നു. സംസ്ഥാനത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഇടപാടുകളിലും ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ വകമാറ്റുന്നതിലും അടുത്തകാലത്തായി ദുരൂഹത വര്‍ദ്ധിച്ചിരിക്കുന്നു. കൊള്ളപലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിദേശത്തുള്ളില്‍ പ്രവാസികളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് എസ് എം എല്‍ ഫിനാന്‍സ് ഉടമയെ ഇ ഡി അറസ്റ്റ് ചെയ്തത്. 15 മുതല്‍ 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

ഓഹരി നിക്ഷേപത്തിന്റെ മറവില്‍ പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണ സംഘം വെളിപ്പെടുത്തി. വില്യംസിനെതിരെ നിരവധി പരാതികളാണ് ദിവസവും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി ആര്‍ ഡി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വില്യംസിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ അന്വേഷണ സംഘത്തിന് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. വിദേശ മൂലധന നിക്ഷേപ നിയന്ത്രണ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സി സി വില്യംസിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലയിലെ അത്താണിയില്‍ ആയുര്‍ ബധാനിയ ആയുര്‍വേദ ആശുപത്രി, എസ് എം എല്‍ മോട്ടോഴ്‌സ്, എസ് എം എല്‍ ഗോള്‍ഡ് ലോണ്‍ അടക്കം നിരവധി സംരംഭങ്ങള്‍ ബി ആര്‍ ഡി ഗ്രൂപ്പിന് കീഴില്‍ 1980 മുതല്‍ കുന്നംകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ജനങ്ങള്‍ക്ക് സംശയം വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 1200 ഓളം കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പിന്‍വലിച്ച നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ട്രഷറി, എസ് എസ് എഫ് ഇ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഇല്ലാതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചുവന്ന വലുതും ചെറുതുമായ നിരവധി പണമിടപാട് സ്ഥാപനങ്ങളാണ് സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പിന് പിന്നാലെ കേരളത്തില്‍ നാല് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളുവെന്ന് റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെ നൂറുകണക്കിന് പ്രവാസികളും പെന്‍ഷന്‍ വാങ്ങി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിനാളുകളും തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റാന്‍ തയ്യാറായത്.

കൊള്ള പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം റിയല്‍ എസ്‌റ്റേറ്റ്, സോളാര്‍, ഓട്ടോമൊബൈല്‍, ടെക്സ്റ്റയില്‍ ബിസിനസ്സുകളിലേക്ക് വകമാറ്റിയ കമ്പനികളാണ് കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നത്. വിവിധ ബാങ്കുകളില്‍ നിന്നും പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളുടെ പരിധിതുക കുറയ്ക്കണമെന്ന് ആവശ്യവുമായി ബാങ്ക് അധികൃതര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ദിവസവും കയറിയിറങ്ങുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ചില ധനകാര്യ സ്ഥാപനങ്ങളില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരോട് രണ്ടുമുതല്‍ ആറുമാസം നിക്ഷേപത്തുക മടങ്ങി നല്‍കാന്‍ മാനേജ്‌മെന്റ് സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. മിക്ക സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം വൈകിയാണ് ലഭിക്കുന്നത്.

കോവിഡിന്റെ പേരില്‍ ശമ്പളം പകുതിയാക്കി കുറച്ച സ്ഥാപനങ്ങളുമുണ്ട്. എന്‍ സി ഡി അടക്കം വിവിധ സ്‌കീമുകളില്‍ വാങ്ങിയ പണം പലരും വീണ്ടും നിക്ഷേപിക്കാന്‍ ധൈര്യം കാട്ടിയില്ല. കൊള്ളപലിശ ഈടാക്കി വിവിധ ബിസിനസ്സ് സംരംഭകര്‍ക്ക് നല്‍കിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതും ധനകാര്യ സ്ഥാപനങ്ങളുടെ അസ്ഥിവാരം തോണ്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍ ബി എഫ് സികളുടെ എന്‍ സി ഡി നിക്ഷേപം സുരക്ഷിതമാണെന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് പണമിടപാട് സ്ഥാപനങ്ങള്‍ വാങ്ങിയെടുക്കുന്നത്. എന്നാല്‍ എന്‍ സി ഡി നിക്ഷേപം സ്വീകരിക്കുന്നത് മുന്നോടിയായി റിസര്‍വ്വ് ബാങ്ക് അധികൃര്‍ക്ക് നല്‍കുന്ന കമ്പിനികളുടെ ആസ്ഥി സംബന്ധിച്ച വിവരങ്ങളുടെ പൊരുത്തക്കേടുകള്‍ വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആധാരത്തില്‍ വസ്തുക്കള്‍ക്ക് കൂടുതല്‍ മൂല്യം പെരുപ്പിച്ച് കാട്ടിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *