പാലക്കാട്: ആലപ്പുഴ മാന്നാറിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം.
ശേഷം പോലീസ് യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് യുവതിയെ മാന്നാർ പോലീസിന് കൈമാറുമെന്ന് ആലത്തൂർ ഡിവൈഎസ്പി വ്യക്തമാക്കി.യുവതി നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ നടന്നത് . പുലർച്ചെ രണ്ടോടെ വീടിന്റെ ഗേറ്റ് തകർക്കുന്ന ശബ്ദം കേട്ടം വാതിൽ തുറന്നപ്പോൾ 20 ഓളം വരുന്ന സംഘം വീടിനുള്ളിൽ കടന്ന് യുവതിയെ പിടിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരുന്ന മൊഴി.
ദുബായിയിലെ സൂപ്പർ മാർക്കറ്റിലാണ് യുവതി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം യുവതി വീട്ടിൽ എത്തിയിരുന്നു. എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേർ വന്നിരുന്നു. ബിന്ദുവിനെ കണ്ട ഇവർ ഗൾഫിൽനിന്നു കൊടുത്തു വിട്ട സ്വർണത്തെക്കുറിച്ചു ചോദിച്ചു.
എന്നാൽ, ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു യുവതി പറഞ്ഞതിനെത്തുടർന്ന് ആൾ മാറിപോയതാണെന്നു പറഞ്ഞു മൂവർ സംഘം തിരികെ പോവുകയും ചെയ്തു.
ഇതിനു ശേഷമാണ് ഇന്നു പുലർച്ചെ വീട് ആക്രമിച്ചു യുവതിയെ തട്ടികൊണ്ടുപോയത്.സ്വർണക്കടത്ത് സംഘമെന്നാണ് തട്ടികൊണ്ടുപോകലിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബിന്ദു നാട്ടിലെത്തിയതു മുതല് ഇവർ നിരീക്ഷണത്തിലായിരുന്നുവെന്നു കരുതുന്നു. തുടർന്നാണ് തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു.വീട്ടിൽ കാണാൻ എത്തിയവരുടെ ചിത്രങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണും ബന്ധുക്കൾ പോലീസിനു കൈമാറി.