ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സ്‌ക്രീനിങ് ആവശ്യമാണെന്ന് സുപ്രീം കോടതി. താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി.
ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരിസുകളിലും ഷോകളിലും സ്‌ക്രീനിങ് ഉണ്ടാകേണ്ടതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പലതിന്റെയും ഉള്ളടക്കത്തില്‍ അശ്ലീലമുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. മോശം പദങ്ങളും പ്രയോഗിക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവി അപര്‍ണ പുരോഹിതിന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും റോത്തഗി വാദിച്ചു.
പുതിയ ഒടിടി മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി, അപര്‍ണ പുരോഹിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഉത്തര്‍പ്രദേശില്‍ അടക്കം നാല് സംസ്ഥാനങ്ങളില്‍ ആമസോണ്‍ പ്രൈമിനെതിരെ കേസെടുത്തത്.