തിരുവനന്തപുരം: 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും, കുമ്മനം രാജശേഖരൻ നേമത്തും, പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ ധർമ്മടത്ത് മത്സരിക്കും.
സുരേഷ് ഗോപി തൃശ്ശൂരിലും അൽഫോണ്‍സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും. മുൻ കോഴിക്കോട് സർവകലാശാല വിസി അബ്ദുൾ സലാം തിരൂരിൽ മത്സരിക്കും. മാനന്തവാടിയിൽ മണിക്കുട്ടനാവും സ്ഥാനാര്ർത്ഥി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും. കോഴിക്കോട് നോർത്തിൽ മുതിർന്ന നേതാവ് എം.ടി.രമേശാവും മത്സരിക്കുക.