മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; പലിശ എഴുതി തള്ളാനാകില്ല

India Latest News

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.

സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി അറിയിച്ചു. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും സുപ്രിംകോടതി അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍, ഈമാസം മുപ്പത്തിയൊന്ന് വരെ നീട്ടണമെന്ന് മറ്റൊരു ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് സുപ്രിംകോടതി നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *