ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത പരാജയം വിലയിരുത്താന്‍ ബുധനാഴ്ചയോടെ കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പരാതികളുടെ ഭണ്ഡാരങ്ങളുമായി എ ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തേക്ക്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ പൊതുവികാരം ഇതിനകം ഉടലെടുത്തിട്ടുണ്ട്. പകരം പാര്‍ട്ടിയിലെ രണ്ടാംതലമുറയുടെ കൈകളില്‍ പാര്‍ട്ടി കടിഞ്ഞാല്‍ ഏല്‍പ്പിക്കണമെന്നാണ് കീഴ്ഘടകങ്ങളുടെ ആവശ്യം.
ഗ്രൂപ്പ് നോക്കാതെ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിക്കണമെന്ന ആവശ്യം മെയില്‍ വഴി വ്യാപകമായി ഹൈക്കമാന്‍ഡില്‍ എത്തിയ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിഭാഗം കരു നീക്കം ശക്തമാക്കിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇതിനകം നൂറിലധികം മെയില്‍ സന്ദേശം എത്തിയതിന് പിന്നില്‍ പി ആര്‍ വര്‍ക്ക് ആരോപണമാണ് എതിര്‍ചേരി ഉന്നയിക്കുന്നത്. കെ പി സി സി അധ്യക്ഷ പദവിയില്‍ രമേശുമായി അടുപ്പമുള്ള കെ സുധാകരനെ അവരോധിക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടെ വീണ്ടും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തുന്നതിനായി രമേശ് ചെന്നിത്തലയും കരുക്കള്‍ നീക്കിതുടങ്ങി. ഐ ഗ്രൂപ്പിലെ രണ്ടാംനിര നേതൃത്വത്തിലുണ്ടായിരുന്ന വി ഡി സതീശന്റെ കടന്നുവരവ് തന്റെ രാഷ്ട്രീയഭാവി അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്ന ചെന്നിത്തല കോണ്‍ഗ്രസിലെ തനിക്കൊപ്പമുള്ള ഐ വിഭാഗം എം എല്‍ എമാരുടെ രഹസ്യയോഗം അടുത്തിദിവസം അടിന്തരമായി വിളിച്ചിരിക്കുകയാണ്. കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നതിനായി എ ഗ്രൂപ്പിലെ ചില എം എല്‍ എമാരുടെ പിന്തുണയും ചെന്നിത്തല ഉറപ്പാക്കിയതായി അറിയുന്നു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെയും ചെന്നിത്തല തന്റെ ആഗ്രഹം അറിയിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് വീണ്ടുമൊരു അവസരം നല്‍കണമെന്ന ആവശ്യം എന്‍ എസ് എസ് നേതൃത്വം വഴി ഹൈക്കമാന്‍ഡിനെ അറിയിക്കാനും ഐ ഗ്രൂപ്പ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെ, കോണ്‍ഗ്രസിലെയും യു ഡി എഫിലെയും മുതിര്‍ന്ന നേതാക്കള്‍ക്ക് വി ഡി സതീശന്റെ നേതൃത്വം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പൊതുവികാരം ഉയര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ചെന്നിത്തലയുടെ ഗ്രൂപ്പ് നടത്തിവരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് രമേശ് ചെന്നിത്തലയക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്റെ ജൂനിയറായ കെ സി വേണുഗോപാലിനൊപ്പം ജനറല്‍ സെക്രട്ടറി പദവിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിഷമം മുതിര്‍ന്ന നേതാവ് എ കെ ആന്റണി അടക്കമുള്ളവരെ രമേശ് ധരിപ്പിച്ചിട്ടുണ്ട്. ഒന്നാം ഇടതുസര്‍ക്കാരിന്റെ അവസാന നാളുകളില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉയര്‍ത്തി കൊണ്ടുവന്ന അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിനും യു ഡി എഫിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ആഴം കുറച്ചതെന്ന അവകാശവാദവും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. 21 അംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര നീരീക്ഷകര്‍ ബുധനാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന.
ഇതിനിടെ, പുതിയ പ്രതിപക്ഷ നേതാവിനെചൊല്ലി ഐ ഗ്രൂപ്പില്‍ ഉരുണ്ടുകൂടിയ മൂപ്പിള തര്‍ക്കത്തില്‍ രമേശ് ചെന്നിത്തല വി ഡി സതീശന്‍ വിഭാഗങ്ങള്‍ ഏതാണ്ട് മാനസ്സികമായി അകന്നുകഴിഞ്ഞു. തല്‍ക്കാലം പ്രതിപക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് തുടക്കത്തിലേ സ്വീകരിച്ച ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും ഐ ഗ്രൂപ്പിലുണ്ടായിരിക്കുന്ന പിളര്‍പ്പിന്റെ തുടര്‍ ചലനങ്ങള്‍ നിരീക്ഷിച്ച് ഭാവി രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് തയ്യാറെടുക്കാമെന്നാണ് എം എല്‍ എമാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം