ആര് അജിരാജകുമാര്‍
തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവായി വി ഡി സതീശനും എത്തുന്നു. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഏഴിന് ഉണ്ടാകും. ഇതുസംബന്ധിച്ച് ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തികഴിഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെ സുധാകരന് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വലിയ പ്രതീക്ഷയ്ക്ക് വഴിതുറക്കും. ഒപ്പം, നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഇടതുസര്‍ക്കാരിനെ എതിരിടാന്‍ വി ഡി സതീശന് കൂടി എത്തുന്നതോടെ യു ഡി എഫ് ക്യാമ്പുകളും കൂടുതല്‍ ആവേശത്തിലാകും.
എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.