ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

India

കാണ്ഡഹാര്‍: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ് സിദ്ദിഖി. അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന സ്പിന്‍ ബൊല്‍ദാക്കിലെ ചിത്രങ്ങള്‍ പകര്‍ത്തനാണ് സിദ്ദിഖി എത്തിയത്. സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യമിടുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് സിദ്ദിഖിക്ക് 2018ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. നേപ്പാള്‍ ദൂകമ്പം, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.

ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന സിദ്ദിഖിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *