ആര് അജിരാജകുമാര്‍
തിരുവനന്തപുരം: ആന്ധ്രായുടെ രാഷ്ട്രീയ ഭൂപടത്തില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശക്തിപകരാന്‍ കേരളത്തില്‍ നിന്നും 25 അംഗ ഉമ്മന്‍ ചാണ്ടി ബ്രിഗേഡര്‍മാര്‍ ആന്ധാപ്രദേശിലേക്ക് അടുത്ത ദിവസങ്ങളില്‍ വണ്ടികയറും. സംസ്ഥാന കോണ്‍ഗ്രസില്‍ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുമായി മാനസിക അടുപ്പം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, ഐ ടി രംഗത്തുള്ളവര്‍, യുവാക്കള്‍, നിയമവിദഗ്ദര്‍ എന്നിവരുള്‍പ്പെട്ട 25 അംഗ സംഘമാണ് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടി ലക്ഷ്യംവെക്കുന്ന മിഷന് ആന്ധ്രായുടെ അണിയറ ശില്‍പ്പികളായി വിവിധ ജില്ലകളില്‍ പര്യടനം നടത്തുക. ആന്ധ്രാപ്രദേശിലെ 25 ലോകസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒപ്പം പ്രദേശവാസികളുടെയും രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി നിരീക്ഷിച്ച് സംഘം ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും സ്ഥിരതാമസമാക്കിയ മലയാളികളുടെ വിവരശേഖരണം, ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെ കണ്ടെത്തല്‍, ബിസിനസ് സംബന്ധമായി കേരളത്തില്‍ നിന്നും ആന്ധ്രാപ്രദേശില്‍ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള മലയാളികളുടെ പ്രവര്‍ത്തന മേഖലകള്‍ തിരിച്ചറിയുക
തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ബ്രിഗേഡര്മാര്ക്കുള്ളത്. വിവിധ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ആന്ധ്രാപ്രദേശിന്റെ പൊതു രാഷ്ട്രീയ കാലാവസ്ഥ മനസിലാക്കുകയും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സമാനമായ രീതിയില്‍ നടത്തുന്ന സര്‍വ്വേകളും നീരിക്ഷണങ്ങളും പരിഗണിച്ചാവും ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് ഉമ്മന്‍ ചാണ്ടി നിലപാട് കൈകൊള്ളുക.
രാഷ്ട്രീയ പാരമ്പര്യത്തിനും സാമ്പത്തിക സ്വാധീനങ്ങള്‍ക്കും അപ്പുറം ജനങ്ങള്‍ക്കിടയില്‍ പൊതുസ്വീകാര്യതയുള്ള നേതാക്കളെ കണ്ടെത്തി ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോക്ഷക സംഘടകളുടെയും നേതൃത്വം ഏല്‍പ്പിക്കുന്ന കാര്യവും ഉമ്മന്‍ ചാണ്ടി ആലോചിക്കുന്നുണ്ട്. പി സി സി പ്രസിഡന്റ് എന്‍ രഘൂവീര റെഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം ആന്ധാപ്രദേശിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 176 സീറ്റുകളില്‍ 22 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കായുള്ളൂ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് പ്രതിനിധികള്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരിച്ച ജഗന്മോഹന് റെഡിക്ക് 70 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ലോകസഭയില്‍ ഒമ്പത് അംഗങ്ങളും. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ആന്ധ്രാപ്രദേശിലെ ഗ്രാമീണ മേഖലകളിലെല്ലാം കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തിവന്ന നേതാക്കളും പ്രവര്‍ത്തകരും ജഗമോഹന്‍ റെഡിക്കൊപ്പം ചേക്കേറിയതോടെ കോണ്‍ഗ്രസിന്റെ ശനിദശ ആരംഭിക്കുകയും ചെയ്തു. വൈ എസ് ആര് കോണ്‍ഗ്രസിന്റെ പിറവിയോടെ ആന്ധാപ്രദേശില്‍ നിന്നും ഓരോ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോഴും കോണ്‍ഗ്രസിന്റെ നിലകൂടുതല്‍ പരുങ്ങലിലാവുകയാണ്.
ഈ അപകടം തിരിച്ചറിഞ്ഞാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങളുടെ മുന്നണി പോരാളിയുമായ ഉമ്മന്‍ ചാണ്ടിയെ ആന്ധ്രാപ്രദേശിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അപ്രതീക്ഷിതമായി ഏല്‍പ്പിച്ച വെല്ലുവിളി വിജയിപ്പിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി രണ്ടുംകല്‍പ്പിച്ച് തീരുമാനിക്കുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ആകെയുള്ള 13 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 25 ലോകസഭാ സീറ്റുകളില്‍ പത്തെണ്ണമെങ്കിലും 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്കൗണ്ടിലാക്കാനുള്ള തീവ്രപരിപാടിയാണ് ഉമ്മന്‍ ചാണ്ടി ആലോചിക്കുന്നത്. ജഗന്മോഹന് റെഡിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കലും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ അജണ്ടകളിലൊന്നാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി ഡി പി തുടക്കത്തിലേ തള്ളിപറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജഗന്റെ പിണക്കങ്ങളും പരിഭവങ്ങളും രമ്യതയിലാക്കി വൈ എസ് ആര്- കോണ്‍ഗ്രസ് സഖ്യം രൂപവത്കരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഉമ്മന്‍ ചാണ്ടി നടത്തുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങിനെ ആന്ധ്രാപ്രദേശിന്റെ ചുമതലയില്‍ നിന്നും മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്.