BJP CANIDATES

തിരുവനന്തപുരത്ത് മോഹന്‍ലാല്‍, തൃശൂരില്‍ പി സി തോമസ്, കാസര്‍കോഡ് കെ സുരേന്ദ്രന്‍; ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളില്‍ വിജയം ഉറപ്പിച്ച് ബി ജെ പി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ ബി ജെ പിക്ക് എന്തുകൊണ്ടും അഗ്നിപരീക്ഷയാണ്. കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കൊടുങ്കാറ്റ് പോലെ ബി ജെ പി ഇരച്ചുകയറിയെങ്കിലും സംസ്ഥാനത്ത് ഒരു നിയമസഭാഗം മാത്രമായി ശോഷിച്ച് നില്‍ക്കുന്നു. ഈ രീതിയില്‍ ബി ജെ പിക്ക് കേരളത്തില്‍ ഇനി പോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞമാസം തിരുവനന്തപുരത്ത് എത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരള നേതാക്കളെ അറിയിച്ചുകഴിഞ്ഞു. തിരുവന്തപുരത്ത് നടന്‍ മോഹന്‍ലാല്‍, തൃശൂരില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്, കാസര്‍കോഡ് കെ സുരേന്ദ്രന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് വിജയത്തില്‍ മറിച്ചൊരു ലക്ഷ്യവും വേണ്ടെന്നാണ് അമിത് ഷായുടെ കേരള നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്.

മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സര രംഗത്ത് എത്തിക്കുന്നതില്‍ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ടെന്ന വാര്‍ത്തകളാണ് ബി ജെ പി ദേശീയ നേതാക്കളില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞതവണ ശശി തരൂരുമായി മിന്നുന്ന മത്സരം കാഴ്ചവെച്ച ഒ രാജഗോപാലിന് ലഭിച്ച വോട്ടുകള്‍ക്കൊപ്പം താരപ്രഭയില്‍ പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ കൂടിയാകുമ്പോള്‍ ഭൂരിപക്ഷം ലക്ഷത്തോട് അടുക്കുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സി മുഖേന തിരുവനന്തപുരത്ത് നടത്തിയ സര്‍വ്വേകളില്‍ വ്യക്തമായത്. കത്തോലിക്ക ഭൂരിപക്ഷ മേഖലയായ തൃശൂരില്‍ ബി ജെ പി വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ എന്‍ ഡി എ സ്വതന്ത്രനായി മത്സരിക്കുന്ന പി സി തോമസിന്റെ വിജയവും അനായാസമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കാസര്‍കോഡ് ബി ജെ പിക്ക് ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മേല്‍ക്കൈയ്‌ക്കൊപ്പം കെ സുരേന്ദ്രന്റെ യുവത്വവും അനുകൂലമായാല്‍ കേരളത്തില്‍ മൂന്നുമണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കാമെന്നാണ് അമിത് ഷായുടെ കണക്കുകൂട്ടല്‍.

അന്തര്‍ദേശീയതലത്തില്‍ തന്നെ പ്രശസ്തനായ സിറ്റിംഗ് എം പി ശശി തരൂര്‍ തിരുവന്തപുരത്ത് ഹാട്രിക് ഉറപ്പിക്കാനുള്ള തിരഞ്ഞെടുപ്പിനാണ് ഒരുങ്ങുന്നത്. തരൂരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വ്യക്തിപ്രഭാവത്തിനും കഴിവിനും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ നല്‍കുന്ന പിന്തുണ വീണ്ടുമൊരു വിജയം നേടിതരുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ അപകടം തിരിച്ചറിഞ്ഞാണ് നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങാന്‍ ബി ജെ പി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്. മത്സര രംഗത്തേക്കില്ലെന്ന് നിരവധിതവണ മോഹന്‍ലാല്‍ പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും നേരില്‍ അറിയിച്ചു. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഏകലക്ഷ്യത്തില്‍ മത്സരരംഗത്ത് ഉണ്ടാകണമെന്ന് ഇരുനേതാക്കളും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മനസ്സില്ലാമനസോടെ തിരുവനന്തപുരത്ത് അങ്കത്തിന് ഇറങ്ങാമെന്ന് മോഹന്‍ലാല്‍ സമ്മതം മൂളുകയായിരുന്നു.

ബി ജെ പിയുമായി മോഹന്‍ലാലിന്റെ കൂടിക്കാഴ്ചകള്‍ മണത്തറിഞ്ഞ ഇടതുപക്ഷ അനുകൂലികളായ സിനിമാലോകം ഒന്നടങ്കം സമീപദിവസങ്ങളില്‍ നടനെതിരെ രംഗത്തുവരുന്നതിന് പിന്നിലെ രാഷ്ട്രീയവും ഇവിടെ പ്രസക്തമാകുന്നു. ആകെയുള്ള 20 മണ്ഡലങ്ങളില്‍ ഐ എ എസ് മേഖലകളില്‍ നിന്നുള്ള ചില പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനും ബി ജെ പി ശ്രമിക്കുന്നുണ്ട്. ആറ്റിങ്ങളില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായി മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ മത്സരിച്ചേക്കും. മുതിര്‍ന്ന ഐ എ എസ് ഓഫീസറായിരുന്ന സി വി ആനന്ദബോസിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. സിവില്‍ സര്‍വ്വീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിവേദിത പി ഹരനെ പോലെയുള്ള ഉദ്യോഗസ്ഥരെ മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ബി ജെ പിയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം ഉണ്ടാകണമെന്നാണ് അമിത് ഷായുടെ ആവശ്യം.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി ജെ പിയുടെ മുദ്രവാക്യത്തെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പിന്തുണച്ചുകഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ്, സി പി എം മുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മൂന്നു ലോകസഭാ മണ്ഡലങ്ങളില്‍ വിജയം നേടണമെന്നാണ് ദേശീയ നേതാക്കളുടെ പക്ഷം. ബംഗാളിലും തൃപുരയിലും സി പി എമ്മിന് കാലിടറിയത് പോലെ കേരളത്തിലും സി പി എമ്മിനെ തറപറ്റിക്കാന്‍ സംഘപരിവാര്‍ സംഘടകളുടെ കൂട്ടായ മൂന്നേറ്റം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണം. ശബരിമലയില്‍ സ്ത്രീപ്രവേശം അടക്കമുള്ള വിഷയങ്ങളില്‍ വിവിധ ഹിന്ദുസംഘടനകള്‍ ഈമാസം 30 ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് പിന്നിലും ഐക്യകാഹളം കൂടുതല്‍പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമുണ്ട്.

ഗവര്‍ണ്ണര്‍, കേന്ദ്രമന്ത്രി, മൂന്ന് എം പിമാര്‍ തുടങ്ങിയ പ്രതിനിധികളെ കേരളത്തില്‍ നിന്നും ഉന്നതപദവികളില്‍ എത്തിച്ചിട്ടും ബി ജെ പിക്ക് സംസ്ഥാനത്ത് വളര്‍ച്ച നേടാന്‍ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടായിട്ടാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ബി ജെ പി കേരളഘടകത്തില്‍ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്ന ചര്‍ച്ചകള്‍ വന്നപ്പോള്‍ ഗ്രൂപ്പുതിരിഞ്ഞ് നേതാക്കള്‍ പോരടിക്കുന്നത് അമിത് ഷായെ പ്രകോപിതനാക്കിയിരുന്നു. ഇതെതുടര്‍ന്ന് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നത് പോലും പാര്‍ട്ടി നീട്ടികൊണ്ടുപോവുകയാണ്. ഭൂരിപക്ഷം നേതാക്കള്‍ക്കും പൊതുസമ്മതനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് ശ്രീധരന്‍പിള്ളയെ പാര്‍ട്ടി പ്രസിഡന്റാക്കി ലോകസഭാ തിരഞ്ഞെടുപ്പിന് നേരിടാനാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *