social_mediaspecial_2018

ലോകസഭാ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും രംഗത്ത്‌

Latest News

 

കൊച്ചി: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഷ്ട്രീയ കക്ഷികളും സിറ്റിംഗ് എം പിമാരും സോഷ്യല്‍ മീഡിയകളില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ സജീവമായി തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയകളിലെ വാര്‍ത്തകളും ചലനങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് പ്രമുഖ പാര്‍ട്ടികളും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നേതാക്കളും നവമാധ്യമങ്ങളില്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത മുന്‍നിര സോഷ്യല്‍ മീഡിയ ഏജന്‍സിയായ കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സുമായി ചില പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ വിഭാഗം പ്രാരംഭ ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു.

കോണ്‍ഗ്രസിലെ ചില സിറ്റിംഗ് എം പിമാരും ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സിന്റെ ചുമതലക്കാരുമായി ആശയവിനിമയം നടത്തിവരുന്നു. മുഖ്യമായും ഫെയ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള സാധ്യതകളാണ് ഇവര്‍ തേടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയ ശേഷം സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മിക്ക പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കഴിഞ്ഞില്ല. നവമാധ്യമങ്ങളില്‍ സാന്നിധ്യവും ഇടപെടലും ശക്തമാക്കി ലോകസഭാ മണ്ഡലത്തിലെ ഓരോ വോട്ടറുടെയും മനസില്‍ കയറിക്കൂടുക എന്ന തന്ത്രമാണ് അണിയറയില്‍ സജീവമായികൊണ്ടിരിക്കുന്നത്. സ്വന്തം പേരില്‍ ഫെയ്‌സ്ബുക്ക് പേജുകള്‍ തുടങ്ങി മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ അംഗങ്ങളാക്കുന്ന ജോലികളാണ് പ്രാരംഭമായി
സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത്.

പേജുകളില്‍ പരമാവധി ലൈക്ക് വര്‍ദ്ധിപ്പിച്ച് മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളെയും അംഗങ്ങളാക്കുന്ന ജോലിയും ചിലര്‍ തുടങ്ങികഴിഞ്ഞു. വാട്‌സ്ആപ്പുകള്‍ വഴി മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് ഗ്രൂപ്പുകളുണ്ടാക്കി പരമാവധി മെസേജുകള്‍ ഷെയര്‍ ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചരണമാണ് ഉണ്ടാവുക. ട്വിറ്ററില്‍ പരമാവധി ഫോളോവേഴ്‌സിനെ സൃഷ്ടിച്ച് സന്ദേശങ്ങള്‍ കൈമാറാനാണ് ആലോചന. നിലവില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയും വാട്‌സ്ആപ്പ്, ട്വീറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുക.

ടെക്സ്റ്റ് മെസേജുകള്‍ക്കൊപ്പം വീഡിയോ, ഓഡിയോ മെസേജുകളും, മണ്ഡലത്തിലെ വിവിധ പരിപാടികളുടെ ലൈവ് പ്രോഗ്രാമുകളും പേജുകളില്‍ നല്‍കും. നാട്ടിലെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, പ്രധാനപ്പെട്ട ചടങ്ങുകള്‍ എന്നിവയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം രാവിലെയും വൈകിട്ടും വോട്ടര്‍മാര്‍ക്ക് ആശംസാ സന്ദേശങ്ങള്‍ പേജുകളിലൂടെ നല്‍കുന്നതിനും ആലോചനയുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയാലുടന്‍ പ്രചരണ പരിപാടികളും മറ്റുമായി ഫെയ്‌സ്ബുക്ക് പേജുകള്‍ കൂടുതല്‍ സജീവമാക്കി നിലനിര്‍ത്തും. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ലൈവ് പ്രോഗ്രാമുകള്‍ വോട്ടര്‍മാരിലെത്തിക്കുക, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന പ്രമുഖ നേതാക്കള്‍, സെലിബ്രറ്റികള്‍ എന്നിവരുടെ പ്രസംഗങ്ങള്‍, വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സോഷ്യല്‍ മീഡിയകളിലൂടെ വോട്ടര്‍മാരിലെത്തിക്കും.

ഇതിനിടെ, വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡികളില്‍ ഭരണകൂടങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുന്ന കാലത്ത് നവമാധ്യമങ്ങളുടെ സ്വാധീനം 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ജയപരാജയങ്ങളില്‍ ഏത്രകണ്ട് നിര്‍ണ്ണായകമാകുമെന്ന കാര്യം സോഷ്യല്‍ മീഡിയകളുടെ ഭാവി സാധ്യതകള്‍ക്ക് ശക്തിപകരും.

Leave a Reply

Your email address will not be published. Required fields are marked *