കൊച്ചി: കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്നത് നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കുട്ടികളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്ന ജങ്ക് ഫുഡ് വസ്തുക്കളുടെ ഉത്പാദനവും വിപണനവും കേരളത്തില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.
കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായും കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നുവെന്നും വ്യക്തമായി. കുട്ടികളില്‍ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോള്‍ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകുന്നു. 10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി. കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം നടത്തിയത്.
ഫാസ്റ്റ് ഫുഡ് സംസ്‌കാരം വേഗം പടര്‍ന്നുപിടിക്കുന്ന നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. ഗ്രാമീണ മേഖലകളിലെ കുട്ടികളില്‍ നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പൊതുവെ പൊണ്ണത്തടി കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. കുട്ടികളിലെ പൊണ്ണത്തടിയുടെ മുഖ്യകാരണം കാലറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കണ്ടെത്തല്‍. നമ്മുടെ കുട്ടികളില്‍ 70 ശതമാനത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്‌കൂള്‍ ബസിനായും ഓടുന്നതെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ പഠനം നടത്തിയത്. ജങ്ക്ഫുഡ് ഉപയോഗം കുട്ടികളില്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനും സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ അജിരാജകുമാര്‍ അറിയിച്ചു.