കൊച്ചി: ഈഴവ-മുസ്ലീം വിഭാഗങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന പരാതിയുമായി കെ പി സി സി ഒ ബി സി വിഭാഗം രംഗത്ത്. അതിരപ്പള്ളിയില്‍ രണ്ടുദിവസമായി നടന്നുവരുന്ന ദിദ്വിന നേതൃ ക്യാമ്പിലാണ് കോണ്‍ഗ്രസിനെതിരെ പ്രമേയം. കോണ്‍ഗ്രസിനുള്ളില്‍ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായി പ്രമേയത്തില്‍ ആരോപിക്കുന്നു. നിയമസഭയിലെ കോണ്‍ഗ്രസില്‍ നിന്നുള്ള ഈഴവ അംഗങ്ങളുടെ എണ്ണം പൂജ്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നു മത്സരിച്ച ഈഴവ സ്ഥാനാര്‍ഥികളുടെ എണ്ണം രണ്ട്. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും എണ്ണത്തിലും കുറവുണ്ടെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
മുസ്ലിം വിഭാഗത്തിന് കോണ്‍ഗ്രിസിനുള്ളില്‍ അര്‍ഹമായ പ്രാതിനിധ്യം സംഘടനാതലത്തില്‍ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസുകാരനായ മുസ്ലിം രാജ്യസഭയിലെത്തിയതെന്നകാര്യം പാര്‍ട്ടി നേതൃത്വം വിസ്മരിക്കരുത്. ധീവര, വിശ്വകര്‍മ, ലാറ്റിന്‍ ക്രിസ്ത്യന്‍, നാടാര്‍ വിഭാഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് അകന്നു തുടങ്ങിയിരിക്കുകയാണെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു.
തെരഞ്ഞെടുപ്പുകളില്‍ ഈഴവ വിഭാഗത്തെ ചാവേറുകളാക്കി മല്‍സരിപ്പിക്കുന്നുവെന്നും പ്രമേയം. പരിഗണന നല്‍കിയില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേത് പോലെ ബദല്‍ സാധ്യതകള്‍ ഉയര്‍ന്നു വരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തെ പ്രശംസിച്ചു കൊണ്ടാണ് പ്രമേയം ആരംഭിക്കുന്നത്.
ഇതിന്റെ തണലില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ഇതില്‍ പറയുന്നു. വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും രാജ്യസഭ തെരഞ്ഞെടുപ്പുകളിലും തീരുമാനമെടുക്കുമ്പോള്‍ ഈ സാഹചര്യം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കേണ്ടതാണെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഒ ബി സി സെല്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുനില്‍ കുമാര്‍, കെ ഡി ഹരിദാസ്, ആര്‍ അജിരാജകുമാര്‍, രജനി പ്രദീപ്, ജിതേഷ് ബലറാം, സതീഷ് വിമലന്‍, ബാബു നാസര്‍, വിജയമ്മ, ടി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ ആര്‍ പ്രേം കുമാര്‍ സ്വാഗതവും അഡ്വ. റസിയാ ബീവി നന്ദിയും പറഞ്ഞു.