റിയോ ഡി ഷാനെറോ: ബ്രസീലിന്റെ മണ്ണില്‍ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ വിജയം. കോപ്പ അമേരിക്ക ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണല്‍ മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. 1993ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ നേടുന്നത്. 1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.
22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലായിരുന്നു അര്‍ജന്റീനന്‍ ജയം. റോഡ്രിഡോ ഡി പോള്‍ നീട്ടി നല്കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ പിറന്നത്. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ അര്‍ജന്റീന കുപ്പായത്തില്‍ ഒരു കിരീടമെന്ന മെസിയുടെ ആഗ്രഹവും പൂവണിഞ്ഞു. ബ്രസീലിന്റെ സ്വന്തം മണ്ണില്‍ മാറക്കാനയില്‍ നെയ്മറെയും കൂട്ടരെയും വീഴ്ത്തിയതും അര്‍ജന്റീനയുടെ വിജയത്തിന് തിളക്കം കൂട്ടി. 84 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഫൈനലില്‍ ബ്രസീലിനെ അര്‍ജന്റീന മലര്ത്തിടയിക്കുന്നത്.
മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ മിനിറ്റു മുതല്‍ പരുക്കന്‍ സ്വഭാവത്തിലേക്ക് കളിമാറിയിരുന്നു. അര്‍ജന്റീനയുടെ ഗോള്‍ പിറന്നതോടെ ബ്രസീല്‍ മുര്ച്ചയേറിയ മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു. 54-ാം മിനിറ്റില്‍ റിച്ചാര്ഡ്ലിസണ് പന്ത് അര്‍ജന്റീനന്‍ വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് വിളിച്ചതോടെ ബ്രസീല്‍ താരങ്ങള്‍ നിരാശരായി മടങ്ങി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീലിന് നിരവധി അവസങ്ങള്‍ ലഭിച്ചെങ്കിലും ബ്രസീല്‍ ആക്രമണങ്ങളെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രതിരോധിച്ചാണ് അര്‍ജന്റീന കിരീടം തൊട്ടത്. 87-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മെസിയും പാഴാക്കി.