കേരളത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴിക്കോട്ട് 300 കോഴികള്‍ ചത്തു

Kerala Latest News

കോഴിക്കോട്: സംസ്ഥാനത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കാളങ്ങാലിയില്‍ സ്വകാര്യ കോഴി ഫാമിലെ 300 കോഴികള്‍ ചത്തു. ഇവയുടെ സാമ്പിളുകള്‍ തിരുവനന്തപുരം, ആലപ്പുഴ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരു ലാബില്‍ നിന്നും പോസിറ്റീവ് ഫലമാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ജൂലൈ 20-നാണ് കോഴികള്‍ ചത്തത്. സാമ്പിള്‍ ഫലം പോസിറ്റീവായതോടെ 10 കിലോമീറ്റര്‍ ചുറ്റളവിലെ കോഴി ഫാമുകള്‍ എല്ലാം അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ് ദിവസം രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാന സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ലുക്കീമിയയും ന്യൂമോണിയയും ബാധിച്ചിരുന്നു.

പൂനെ വയറോളജി ഇസ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍ 1 സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള ആശുപത്രി ജീവനക്കാരനെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *