കോന്നിയില്‍ രജനി പ്രദീപ്, അരൂരില്‍ എ എ ഷുക്കൂര്‍, എറണാകുളത്ത് കെ വി തോമസ്, വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പ്; നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം എന്നിവിടങ്ങളില്‍ മണ്ഡലം നിലനിര്‍ത്താനും അരൂരില്‍ അട്ടിമറി വിജയം നേടാനുമുള്ള തിരക്കിട്ട നീക്കങ്ങളാണ് കെ പി സി സിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും കേരള കോണ്‍ഗ്രസിലെ മൂപ്പിള തര്‍ക്കത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് കീറാമുട്ടിയായിരിക്കുന്നു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല. യൂത്ത് ലീഗ് നേതാവ് കെ പി ഫിറോസിന്റെ പേരിനാണ് ഇവിടെ പ്രഥമ പരിഗണന.

കോന്നിയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണുമായ രജനി പ്രദീപിന്റെ പേരാണ് അവസാന റൗണ്ടില്‍ പറഞ്ഞുകേള്‍ക്കുന്നത്. ഐ ഗ്രൂപ്പ് നേതാവായ അടൂര്‍ പ്രകാശിന്റെ സിറ്റിംഗ് മണ്ഡലമായ കോന്നിയില്‍ രജനിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് വിജയമൊരുക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ നിരവധി പോക്ഷക സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചുവരുന്ന രജിനിയുടെ കുടുംബ ബന്ധങ്ങളും മികച്ച വ്യക്തിപ്രഭാവവും ഈഴവ സമുദായാംഗമെന്ന പരിഗണനയും മണ്ഡലത്തില്‍ അനുകൂലഘടങ്ങളാണ്. എ ഗ്രൂപ്പിന്റെ നോമിനിയായി അറിയപ്പെടുന്ന രജനി പ്രദീപിന് കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളുമായുള്ള അടുപ്പവും സ്വാധീനവുമാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വത്തിന് വഴിവെച്ചിരിക്കുന്നത്. പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് കെ മോഹന്‍രാജിന്റെ പേരും മണ്ഡലത്തില്‍ പ്രചരിച്ചിരുന്നുവെങ്കിലും രജനി സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചതായാണ് വിവരം. ഈഴവ സമുദായത്തിന് ശക്തമായ വേരോട്ടമുള്ള കോന്നിയില്‍ രജനിയുടെ സാന്നിദ്ധ്യം വന്‍വിജയമൊരുക്കുമെന്ന് കെ പി സി സി നേതാക്കള്‍ നിരീക്ഷിക്കുന്നു.

വട്ടിയൂര്‍ക്കാവില്‍ മുന്‍ കൊല്ലം എം പിയും കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ എന്‍ പീതാംബരകുറുപ്പ് അങ്കത്തിനിറങ്ങും. കെ കരുണാകരന്റെയും മുരളീധരന്റെയും ഏക്കാലത്തെയും വിശ്വസ്ത ഗണത്തില്‍ അറിയപ്പെട്ടിരുന്ന കുറുപ്പിന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം വേണ്ടെന്നാണ് കെ പി സി സിയുടെ നിലപാട്. എന്‍ എസ് എസിന്റെ പിന്തുണയും ഇതിനകം ഉറപ്പിക്കാന്‍ പീതാംബരകുറുപ്പിനായിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ശക്തമായ മത്സരത്തിന് തയ്യാറെടുക്കുന്ന ബി ജെ പിയുടെ പ്രതീക്ഷകള്‍ പൂവണിയുമോയെന്ന കാര്യം കാത്തിരുന്ന് കാണണം. കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകളാണ് ബി ജെ പി ഇവിടെ പരിഗണിക്കുന്നത്.

അരൂരില്‍ സി പി എമ്മിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ മുന്‍ എം എല്‍ എയും ആലപ്പുഴ ഡി സി സി പ്രസിഡന്റുമായിരുന്ന എ എ ഷൂക്കുറിനെ രംഗത്തിറക്കാനാണ് തീരുമാനം. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരുടെ സ്വാധീനം അട്ടിമറിവിജയമൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും ആലപ്പുഴ മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന പി പി ചിത്തരഞ്ജന്റെ പേരാണ് സി പി എം പരിഗണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും അപ്രതീക്ഷിതമായി തഴയപ്പെട്ട കെ വി തോമസിനെ എറണാകുളത്ത് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്നും കരകയറാനാവാതെ പത്മവ്യൂഹത്തില്‍ അകപ്പെട്ട സി പി എമ്മിനും സര്‍ക്കാരിനുമെതിരെ ഓരോ ദിവസവും ഉയരുന്ന ആരോപണങ്ങള്‍ക്ക് അവസാനമില്ല. ആന്തൂരിലെ പ്രവാസി സാജന്റെ ആത്മഹത്യയും, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും, രാജക്കാട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല അടക്കമുള്ള വിവാദങ്ങള്‍ കനത്ത തിരിച്ചടിയാണ് സി പി എമ്മിന് സമ്മാനിച്ചിരിക്കുന്നത്. ശബരിമലയില്‍ വിശ്വാസ സംരക്ഷണം ഉയര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം കാഴ്ചവെച്ച ബി ജെ പിക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ വലിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ യു ഡി എഫിനും കോണ്‍ഗ്രസിനും അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയമൊരുക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും വിലയിരുത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *