സംവരണം അട്ടിമറിക്കുന്നത് ക്രിമിനല്‍ കുറ്റം: രമേശ് ചെന്നിത്തല

Kerala

 

പാലക്കാട്: ഭരണഘടന സാമൂഹ്യനീതിക്കു വേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച്
കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാര സമരം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ പി എസ് സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി തകൃതിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. കെഎസ്ഇബിയില്‍ മാത്രം പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വര്‍ഷത്തിനിടെ നടത്തിയിട്ടുള്ളത്. കിഫ്ബിയില്‍ ദിവസ വേതനം 10,000 രൂപ നല്‍കി കരാറടിസ്ഥാനത്തില്‍ നിരവധി പേരെ നിയമിച്ചു. എസ്.എഫ്.ഐ. നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവില്‍ പോലീസ് ലിസ്റ്റില്‍ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാര്‍ഥികളുടെ ജീവിതമാണ് ഇരുളടഞ്ഞത്. പിന്‍വാതില്‍ നിയമനങ്ങളും സംവരണ അട്ടിമറിയും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാര്‍ ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് രാവിലെ 10 ന് ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ
സമാപന പരിപാടി ഉദ്ഘാടനം
തിങ്കളാഴ്ച രാവിലെ 10ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം.പി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഷാഫി പറമ്പില്‍ എം എല്‍ എ, വി ടി ബല്‍റാം എംഎല്‍എ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *