കോണ്‍ഗ്രസിന് വേണം ഗ്രൂപ്പിലാത്ത വാക്‌സിന്‍

Latest News

അഷ്‌റഫ് വട്ടപ്പാറ

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റം മുഖ്യധാര ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കെ കോണ്‍ഗ്രസ് രാഷ്ട്രീയം താല്‍പര്യത്തോടെയും വിമര്‍ശനാത്മകമായും വീക്ഷിക്കുന്ന ആളെന്ന നിലയില്‍ ചില ചിന്തകള്‍. ഏതാണ്ട് മൃതപ്രായാവസ്ഥയിലാണ് ഈ ദേശീയപാര്‍ട്ടിയുടെ കിടപ്പെന്നതാണ് യഥാര്‍ഥ പ്രശ്‌നം.

ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷത്തിനൊപ്പം പ്രാധാന്യമുണ്ട് പ്രതിപക്ഷത്തിനും. ആര് ഭരിക്കണമെന്ന ചോദ്യത്തിന് ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി തിളക്കമാര്‍ന്ന വിജയം നല്‍കിയ ജനത്തിന്റേത് ആവേശകരമായ പ്രതികരണമായിരുന്നു. രാഷ്ട്രീയ നീതിബോധവും ജനങ്ങളുടെ അന്തസും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിപക്ഷവും നാടിന്റെ അനിവാര്യത. രാജ്യസ്‌നേഹവും മതനിരപേക്ഷതയും പ്രാര്‍ഥനാ മന്ത്രമാക്കിയ ജനതക്ക് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നിലപാടും ഇടപെടലും പ്രധാനമാണ്. നിലവിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസന്റെ തളര്‍ച്ചയോ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയോ മതേതര സ്വഭാവമില്ലാത്ത ഒരു രാഷ്ട്രീയം തഴക്കുന്നതിന് ഇടയാക്കി കൂടാ.

നേതൃസ്ഥാനത്തേക്ക് മുന്നിലുള്ള പല പേരുകളും കാണുമ്പോള്‍ ഗ്രൂപ്പില്‍ ശ്വാസംമുട്ടുന്ന പാര്‍ട്ടിയെ ഒരേ ചരടില്‍ കോര്‍ക്കാന്‍ കഴിയുന്നവരെന്ന് കരുതാന്‍ ന്യായം കാണുന്നില്ല. മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് മുമ്പ് ഇതേ പ്ലാറ്റ്്‌ഫോമില്‍ കുറിപ്പിട്ടതില്‍ നിന്ന് പിന്നോക്കം പോകാതെ തന്നെ പറയട്ടെ. പാര്‍ട്ടി നേതൃത്വം സംഘടനാ പാടവം തെളിയിച്ച പി.ടി തോമസിനെ പോലൊരാളെ ഏല്‍പ്പിക്കുന്നിടത്തോളം നന്നാകില്ല പരിഗണനയിലുള്ള മറ്റാര് നയിച്ചാലും. ക്ലീന്‍ ഇമേജുള്ള വി.ഡി സതീശനെ ചെന്നിത്തലക്ക് പകരക്കാരനാക്കിയ ഹൈക്കമാന്‍ഡ് നടപടിക്ക് കിട്ടിയ സ്വീകാര്യതയോ അതിലും മേലെയോ ആവേശമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് നിഷ്പക്ഷ നിരീക്ഷണം.

സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ജനാധിപത്യ മതേതര മൂല്യങ്ങളുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനും പ്രാധാന്യം നല്‍കുന്ന നിര്‍ഭയനായ വ്യക്തിയാകണം കോണ്‍ഗ്രസിനെ നയിക്കേണ്ടത്. പാര്‍ട്ടിക്ക് ജീവശ്വാസം നല്‍കാനും രോഗം നിര്‍ണയിച്ച് രാഷ്ട്രീയ ആരോഗ്യം വീണ്ടെടുക്കാനും വൈദഗ്ധ്യം കൊണ്ടേ കഴിയൂ. തളര്‍ച്ച മാറ്റാന്‍ വാക്‌സിന്‍ വികസിപ്പിക്കേണ്ടിവരുമോ അതോ മേജര്‍ സര്‍ജറിയോ വേണ്ടതെന്ന് തിരിച്ചറിയാന്‍ നേതാവിനും നേതൃത്വത്തിനുമാകണം.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങളൊക്കെയും പി.ടി നിര്‍വഹിച്ചത് തീര്‍ത്തും മതിപ്പുളവാക്കി തന്നെ. മുഖം നോക്കാത്ത തുറന്നുപറച്ചില്‍. എന്നാല്‍ കരുതലിന്റേയും കരുണയുടേയും വെള്ളിവെളിച്ചം (നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രമുഖരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ചേര്‍ത്തുപിടിച്ചതടക്കം എത്രയോ ഇടപെടല്‍). പ്രാസംഗികന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രണയം, എം.എല്‍.എയും എം.പിയുമൊക്കെയായി തന്റെ പൊതു ജീവിതത്തെ പല തലങ്ങളില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വം. കെ.എസ്.യു പ്രസിഡന്റായിരിക്കെ മുന്നോട്ടുവെച്ച വിദ്യാഭ്യാസ ദേശസാല്‍ക്കരണവാദം മുതല്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് ഗവേഷണമുറകള്‍ പുറത്തെടുത്തതടക്കം പി.ടി തോമസന്റെ സംഘടനാപരമായ ഉള്‍ക്കാഴ്ചക്ക് എത്രയെത്ര നേര്‍ചിത്രങ്ങള്‍. കൃത്യമായ നിലപാട്, വിട്ടുവീഴ്ചയില്ലാത്ത മതേതര കാഴ്ചപ്പാട്, നിര്‍ഭയത്വം. പുറമെ അങ്ങേയറ്റത്തെ പാര്‍ട്ടി വിധേയത്വം. ഗ്രൂപ്പിനതീതനെന്ന് പറയുമ്പോഴും പ്രമുഖ ഗ്രൂപ്പുകളില്‍ കടന്നുകയറാന്‍ കഴിയുന്ന നേതൃതല ആത്മബന്ധം. ഘടകകക്ഷികള്‍ക്കും സ്വീകാര്യന്‍. ഇതിനെല്ലാം പുറമെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന് മാറ്റിവെച്ച ജീവിതം.

‘പള്ളിയേയും പട്ടക്കാരെ’യും തള്ളിപ്പറയുന്ന ഇമേജാണ് പലരും പി ടി ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് (തികഞ്ഞ മതേതരവാദിയെന്ന നിലയിലാകാം ഇത് ). എന്നാല്‍, മതേതരത്വം മതനിരാസമല്ല. ഏതെങ്കിലും ഒരു മതം മാത്രമാണ് ശരിയെന്ന വിശ്വാസം പുലര്‍ത്താതിരിക്കലുമാണ്. ഒരു സമുദായ നേതൃത്വവുമായും ശത്രുതയില്ല. ഏതെങ്കിലുമൊരു മതക്കാരനെന്ന കാരണത്താല്‍ മമതയുമില്ല ഇതാണ് പി ടിയുടെ ‘മത’മെന്നാണ് എന്റെ പക്ഷം. അനീതിയുടെ ഒരുതലക്കല്‍ പട്ടക്കാരനായാല്‍ പോലും ഇടപെടലിന് മടിക്കാത്ത പോരാളി.
നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടത്തിന് പി.ടി, പി.ജെ. ജോസഫന്റെ തട്ടകമായ തൊടുപുഴ താല്‍പര്യപ്പെട്ടപ്പോള്‍ വേറെ ജയസാധ്യതാ സീറ്റുകളുണ്ടായിട്ടും ഇദേഹത്തിനിത് എന്തു പറ്റിയെന്നായിരുന്നു കോണ്‍ഗ്രസ് ക്യാമ്പ് മൂക്കത്ത് വിരല്‍വെച്ചത്. ഫലം വന്നപ്പോള്‍ പക്ഷെ തകര്‍പ്പന്‍ ജയം.

കെ. കരുണാകരന്റെയും ഏ.കെ ആന്റണിയുടെയും കാലത്തെ ഇക്വേഷന്‍ മിനുക്കിയെടുക്കാനായാല്‍ വി.ഡി സതീശന്‍ , പി.ടി തോമസ് ടീമിന് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചേക്കും. പഴയതലമുറയില്‍ നിന്നൊരാള്‍. പക്ഷെ പുതുതലമുറയുടെ ആവേശവും അവര്‍ക്കൊപ്പം നില്‍ക്കാനുള്ള കരുത്തും ആദര്‍ശാധിഷ്ഠിത നിലപാടും വേണ്ടുവോളമുള്ള പക്വതതയത്രെ പി.ടി.തോമസ്. തന്ത്രപരമായ പ്രായോഗിക രാഷ്ട്രീയം പയറ്റി ജൈത്രയാത്രയിലായ പിണറായി വിജയനെതിരെ വെല്ലുവിളി ഉയര്‍ത്തല്‍ സാമുദായികമോ മറ്റേതെങ്കിലും പരിഗണനയുടെയോ പേരില്‍ ആരെയെങ്കിലും അവരോധിച്ചാല്‍ സാധിക്കുമെന്ന് കരുതുക വയ്യ.

മലബാര്‍ വിട്ടാല്‍ അണികളില്ലെന്നതാണ് പാര്‍ട്ടിയെ നയിക്കുന്നതിന് പരിഗണനയിലുള്ള ആദ്യ പേരുകാരെന്റ പോരായ്മ. സംഘടനാ മികവ് കാട്ടേണ്ട സ്വന്തം തട്ടകത്തിലെ സ്ഥിതിയാകട്ടെ ശോചനീയം. നിലവില്‍ കെ.പി.സി.സിയില്‍ പദവി വഹിക്കുമ്പോഴും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു എം.പിയെയാണ് ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇപ്പോള്‍ സാധിക്കാത്ത ‘അത്ഭുതം’ പുതിയ പദവിയുടെ പേരില്‍ അദേഹത്തിന് എങ്ങനെ കാണിക്കാനാകുമെന്നതുതന്നെ മുഖ്യ ചോദ്യം. കെ. മുരളീധരന് സംസ്ഥാനത്ത് കെ.സി വേണുഗോപാലിനേക്കാള്‍ സ്വീകാര്യതയുണ്ടെങ്കിലും നേരത്തെ പ്രസിഡന്റായതും കൂടുതല്‍ നേതാക്കള്‍ എതിര്‍ക്കുന്നതും തടസം. കെ.സുധാകരനെ മുന്നണി കണ്‍വീനറാക്കി ഐക്യം ഊട്ടി ഉറപ്പിക്കാമെന്നാണ് വിലയിരുത്തല്‍. ചെന്നിത്തലയെ കൂടി മാന്യമായി അക്കോമഡറ്റ് ചെയ്യാനായാല്‍ ഒപ്പം മഹേഷിനേയും ഷാഫിയേയും ശബരിയെയും മറ്റും കെ.പി.സി.സിയിലും കൊണ്ടുവന്നാല്‍ സര്‍ക്കാറിനെ പിടിച്ചുകുലുക്കാം.

ഇന്നോളം കൈയ്യാളിയ പദവികളിലൊന്നും പി.ടി വെറുതെയിരുന്നില്ലെന്നതും ഉറക്കം നാലര മണിക്കൂറിലൊതുക്കി സദാ ഉണര്‍ന്നിരുന്ന് സാമൂഹിക വിഷയങ്ങളില്‍ ഇടെപടുന്നുവെന്നതും അദേഹത്തിെന്റ പ്ലസാണ്. ടൊന്റിടൊന്റി 14000 വോട്ട് പിടിച്ചു മാറ്റിയിട്ടും തൃക്കാക്കരയില്‍ നാലായിരം വോട്ട് കൂടുതല്‍ നേടിയാണ് ഇടത് തരംഗത്തിലും ഇക്കുറി ജയം. പോരാട്ടവീര്യവും സ്ഥിരോല്‍സുകതയും മാത്രം കണക്കിലെടുത്താലും പി.ടി തോമസല്ലാതെ ആര് യോഗ്യന്‍. വിവേകത്തോടെ തീരുമാനമെടുക്കണം ഹൈക്കമാന്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *