മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം രൂക്ഷം. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചു. ആശുപത്രിയില്‍ കൊവിഡ് പ്രതിരോധം പൂര്‍ണമായും താളം തെറ്റിയെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളജുകളിലേക്ക് ആളുകള്‍ വരുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്നും ആശുപത്രി പരിസരത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന 30 ഓളം എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുണ്ടായിരുന്നു.
ഇതോടെ രണ്ട് ബാച്ച് വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും അവധി നല്കി. ആശുപത്രി പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കോഫി ഹൗസ് താത്കാലികമായി പൂട്ടുകയും ചെയ്തു.