രാജ്യത്ത് ഡെല്‍റ്റ പ്ലസ് വ്യാപിക്കുന്നു; ത്രിപുരയില്‍ 138 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

India Latest News

ന്യൂഡല്‍ഹി: ത്രിപുരയില്‍ 138 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് വഴിയാണ് ഇവ കണ്ടെത്തിയതെന്നും ഉയര്‍ന്ന രോഗവ്യാപന ശേഷിയുള്ള ഈ വകഭേദം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളില്‍ 138 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. പത്ത് സാമ്പിളുകളില്‍ ഡെല്‍റ്റ വകഭേദവും മൂന്നെണ്ണത്തില്‍ ആല്‍ഫ വകഭേദവും കണ്ടെത്തിയിട്ടുണ്ട്. 56,169 കോവിഡ് കേസുകളാണ് ത്രിപുരയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,152 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 574 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 174 ജില്ലകളില്‍ കൊറോണ വൈറസിന്റെ ആശങ്കയുണര്‍ത്തുന്ന വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *