തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെ തെരുവിലെത്തിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച അപക്വമായ നിലപാടുകളാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ഈ വിഷയത്തെ തെരുവുകള്‍ അശാന്തമാകുന്ന നിലയിലേക്ക് എത്തിച്ചിരിക്കയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുഡിഎഫ് നിലപാടില്‍ ഉറച്ചു നിന്നതും കോടതിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വിധി പ്രസ്താവ്യത്തില്‍ ഇത് വ്യക്തമായി മനിസ്സിലാക്കാവുന്നതാണ്. വിധി വന്നു കഴിഞ്ഞപ്പോള്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും വ്യത്യസ്ഥ അഭിപ്രായങ്ങളുമായാണ് രംഗത്ത് വന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപറഞ്ഞതും അതിനനുസരിച്ച് പ്രസിഡന്റ് മുന്‍ അഭിപ്രായം തിരുത്തിയതും ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞ് സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്.
വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനകളും എഴുതിയ ലേഖനങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനമായിരുന്നു. ഇത് ചരിത്രവിധിയാണെന്നും എന്തുവിലകൊടുത്തും വിധി നടപ്പിലാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സമന്വയം വേണമെന്ന് ആവശ്യപ്പെടുകയാണ്. വിധിക്കെതിരെ പ്രതിഷേധിച്ചവരെ എതിര്‍ത്ത് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തുകവരെ ചെയ്തു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരം ആലോചനാരഹിതമായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തെ ഇത്രയും വഷളാക്കിയതെന്നും ഇക്കാര്യത്തില്‍ യുഡിഎഫ് നടത്തുന്നത് ബഹുസ്വര സംസ്‌ക്കാരത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.