തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ പേരുദോഷം മാറ്റാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഐ ജിയായി നിയമിതനായ എച്ച് വെങ്കിടേഷ് നടപടി തുടങ്ങി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം സംസ്ഥാന വിജിലന്‍സില്‍ കാര്യമായി യാതൊന്നും നടക്കുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരം കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരം വെങ്കിടേഷ് വിജിലന്‍സ് ഐ ജിയായി നിയമിതനായത്. പോലീസ് വകുപ്പിലെ സത്യസന്ധനും ജോലിയില്‍ വീട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ പേരെടുത്ത വെങ്കിടേഷിനെ വിജിലന്‍സ് ആസ്ഥാനത്ത് ഐ ജിയായി നിയമിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് മേധാവി മുഹമ്മദ് യാസിനും പ്രത്യേകം താല്‍പര്യമെടുത്തു. സംസ്ഥാന വിജിലന്‍സില്‍ ലഭിക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന പരാതി വിവിധ തലങ്ങളില്‍ ഉയരുകയും മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. നൂറുകണക്കിന് പരാതികളാണ് സംസ്ഥാന വിജിലന്‍സിന് പക്കല്‍ കെട്ടിക്കിടക്കുന്നത്.
കേസുകളുടെ പ്രധാന്യവും മുന്‍ഗണനാക്രമവും അനുസരിച്ച് എല്ലാ കേസുകളിലും തീര്‍പ്പുണ്ടാക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് വെങ്കിടേഷ് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതികള്‍ ജില്ലകള്‍ തരംതിരിച്ച് അതാത് ജില്ലകളിലെ വിജിലന്‍സ് എസ് പിമാര്‍ക്ക് കൈമാറും. തുടര്‍ന്ന് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി യുദ്ധകാലാടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ മുന്നിലെത്തിയ പരാതികളില്‍ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആന്ധ്രാ സ്വദേശിയായ വെങ്കിടേഷ് കോട്ടയം എ എസ് പിയായാണ് കേരള കേഡറിയില്‍ ഔദ്യോഗിക ജോലികള്‍ തുടങ്ങിയത്. ഗവര്‍ണ്ണറുടെ എ ഡി സി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍, സി ബി ഐ എസ് പി, വിജലന്‍സ് ഡി ഐ ജി, പോലീസ് ആസ്ഥാനത്ത് എ ഐ ജി തുടങ്ങിയ നിലകളില്‍ വെങ്കിടേഷ് മികച്ച പ്രകടനമാണ് പോലീസ് വകുപ്പില്‍ കാഴ്ചവെച്ചത്.
ബിവറേജസ് കോര്‍പ്പറേഷനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയശേഷമാണ് എം ഡിയായിരുന്ന വെങ്കിടേഷ് സംസ്ഥാന വിജിലന്‍സ് ഐ ജി പദവിയില്‍ സ്ഥാനമേറ്റെടുത്ത്. സംസ്ഥാനത്ത് നൂറ് ഹൈടെക് ഷോപ്പുകള്‍, ജീവനക്കാര്‍ക്ക് ഏകീകൃത യൂണിഫോം, പി ഒ എസ് മെഷീന്‍, സെല്‍ഫ് സര്‍വ്വീസ് കൗണ്ടര്‍, കമ്പ്യൂട്ടര്‍വത്കരണം തുടങ്ങിയ അടിമുടി പരിഷ്‌കാരങ്ങളാണ് വെങ്കിടേഷ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സോത്രസ്സായ ബിവറേജ് കോര്‍പ്പറേഷനില്‍ നടപ്പാക്കിയത്