പി ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

Kerala Latest News

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു. ജയരാജന് കൂടുതല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു.

വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐ.ജി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിക്കാനായിരുന്നു ഐ.ജി.യുടെ നിര്‍ദേശം.

ഇതനുസരിച്ച് കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ കൂടുതല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എന്നാല്‍, അധികസുരക്ഷ വേണ്ടെന്ന് ജയരാജന്‍തന്നെ അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ തിരിച്ചുവിളിച്ചു. ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതിയാണ് പി. ജയരാജന്‍. നേരത്തേ ആര്‍എസ്എസ് അക്രമത്തില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *