ജോസ് കെ മാണിക്ക് വന്‍ ഓഫറുമായി കേന്ദ്ര ബി ജെ പി; ബി ജെ പി ചങ്ങാത്തം എതിര്‍ത്ത് ചാഴികാടനും റോഷിയും ജയരാജും; പത്മവ്യൂഹത്തില്‍ അകപ്പെട്ട് ജോസ് ഒറ്റപ്പെടുന്നു

Latest News

 

രാഷ്ട്രീയകാര്യ ലേഖകന്‍

ന്യൂഡല്‍ഹി: യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണിയെ എന്‍ ഡി എയിലേക്ക് ക്ഷണിച്ച് ബി ജെ പി കേന്ദ്ര നേതൃത്വം. തങ്ങള്‍ക്കൊപ്പം സഖ്യമുണ്ടാക്കിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം അടക്കം വന്‍ ഓഫറുകള്‍ ഇതിനകം ജോസിന് മുന്നില്‍ ദൂതന്‍ മുഖാന്തിരം ബി ജെ പി നല്‍കി കഴിഞ്ഞു. അമിത് ഷായുടെ ആശിര്‍വാദത്തോടെ കേരളത്തില്‍ നിന്നുള്ള പ്രമുഖ ബി ജെ പി നേതാവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. എന്നാല്‍ ബി ജെ പിയുമായി ചങ്ങാത്തം ഒരു കാരണവശാലും പാടില്ലെന്ന മുന്നറിയിപ്പുമായി കോട്ടയം എം പി കൂടിയായ തോമസ് ചാഴികാടന്‍ രംഗത്തുണ്ട്.

ബി ജെ പിയുമായുള്ള സഖ്യം കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന അപകടം മണത്ത എം എല്‍ എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും എന്‍ ഡി എ സഖ്യത്തിന് ഒരുക്കമല്ലെന്ന് നിലപാട് എടുത്തതായാണ് വിവരം. തിരക്കിട്ട് ബി ജെ പി സഖ്യത്തിന് തങ്ങളില്ലെന്ന് നിലപാടുമായി ജോസ് കെ മാണിക്കൊപ്പം നിലയുറപ്പിച്ചിരുന്ന വലിയൊരു വിഭാഗം നേതാക്കള്‍ അതൃപ്തിയുടെ സ്വരം കടുപ്പിച്ചതോടെ പത്മവ്യൂഹത്തില്‍ അകപ്പെട്ട് ജോസ് കെ മാണി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീതംവെപ്പുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നതിനിടെ ജോസ് കെ മാണി ബി ജെ പി കേന്ദ്ര നേതൃത്വവുമായി രണ്ടാംവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

തനിക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനൊപ്പം 10 ഓളം കേന്ദ്ര ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കണമെന്ന ആവശ്യവും ജോസ് ബി ജെ പിക്ക് മുന്നില്‍ വെച്ചിരുന്നു. ഇതും അംഗീകരിക്കാമെന്ന ഉറപ്പ് ഡല്‍ഹിയില്‍ നിന്നും കിട്ടയതോടെയാണ് യു ഡി എഫിലും കോണ്‍ഗ്രസുമായും യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന രാഷ്ട്രീയ നാടകത്തിന് ജോസ് കെ മാണി മുതിര്‍ന്നത്. കേന്ദ്രത്തില്‍ ബി ജെ പിയുമായുള്ള ചങ്ങാത്തം മണത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ കേരള ഘടകത്തിന് ഒടുവില്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. കേരള കോണ്‍ഗ്രസില്‍ മാണിക്കൊപ്പം നിലയുറപ്പിച്ച വലിയൊരു വിഭാഗം പി ജെ ജോസഫിനൊപ്പമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തല്‍ക്കാലം ഇടതുമുന്നണിയും ജോസിനെ ഒപ്പം ചേര്‍ക്കാന്‍ മുതിരില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജോസ് കെ മാണിയെ എല്‍ ഡി എഫില്‍ എടുക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുണ്ട്.

ജോസ് കെ മാണിയുടെ രാഷ്ട്രീയ തീരുമാനങ്ങളും ശൈലികളും അംഗീകരിക്കാന്‍ എക്കാലവും കേരള കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടിരുന്ന കത്തോലിക്ക സഭാ നേതൃത്വവും താല്‍പര്യം കാട്ടിയില്ലെന്നതാണ് ഏറെ പ്രസക്തം. പി ജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ കോതമംഗലം -പാലാ രൂപതകളുടെ നേതൃത്വത്തില്‍ ചില അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ജോസ് കെ മാണി യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന ശൈലിയാണ് കൈകൊണ്ടത്. ഇതെ തുടര്‍ന്ന് സഭാ നേതൃത്വം ജോസിനെ കൈയൊഴിഞ്ഞു.

ബി ജെ പിയുമായി സഖ്യമുണ്ടാക്കി കേന്ദ്രമന്ത്രിസഭയിലെത്തിയാല്‍ കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന കണക്കുകൂട്ടലുമായാണ് ജോസും അനുയായികളും യു ഡി എഫിന് പുറത്തേക്ക് പോകുന്നത്. എന്നാല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയ പി സി തോമസിന്റെ രാഷ്ട്രീയ ഭാവിയാകും ജോസ് കെ മാണിക്കും ഉണ്ടാവുകയെന്ന മുന്നറിയിപ്പ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ജോസിന് നല്‍കിയതായും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *