ആര് അജിരാജകുമാര്‍
ന്യൂഡല്‍ഹി: കെ പി സി സി അധ്യക്ഷനായി കെ സുധാകരന് എത്തുന്നത് തടയാനുള്ള ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം പൊളിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്നും തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായുള്ള കനത്ത പരാജയത്തിന്റെ പാഠം ഗ്രൂപ്പ് നേതാക്കള്‍ ഉള്‍ക്കൊള്ളണമെന്നും ആന്റണി ഇരുവിഭാഗം നേതാക്കളെയും താക്കീത് ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന് പകരം പുതിയ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ അശോക് ചവാന് കമ്മറ്റി കേരളത്തിലെ മുന്‍നിര നേതാക്കളുമായും എം എല്‍ എമാര്‍, എം പിമാര്‍ എന്നിവരുമായും നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് വൈര്യം മറന്ന് ഭൂരിപക്ഷം നേതാക്കളും കെ സുധാകരനെ പിന്തുണച്ചുവെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. പുതിയ അധ്യക്ഷനെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും
ഇതിനിടെ, മുന്‍കാലങ്ങളില്‍ പാര്‍ട്ടിയുടെ ഉന്നതപദവികളില്‍ സമുദായികമായ വീതംവെക്കല്‍ മാനദണ്ഡം ഉയര്‍ത്തി ബെന്നി ബെഹന്നാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ പാര്‍ട്ടിയുടെ അമരത്ത് എത്തിക്കാനുള്ള ചെന്നിത്തല വിഭാഗത്തിന്റെ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള എ വിഭാഗം നേതാക്കള്‍ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടുമൊരു അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വി ഡി സതീശനെ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ കേരളത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എ – ഐ വിഭാഗങ്ങള്‍ നടത്തി വന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ മുനയൊടിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞു. കെ പി സി സി അധ്യക്ഷ പദവിയിലും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ പരിഗണിക്കാതെ ജനസമ്മിതിയുള്ള നേതാക്കള്‍ എത്തുന്നത് വിവിധ നേതാക്കളുടെ തണലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഡസന്‍ കണക്കിന് കെ പി സി സി, ഡി സി സി ഭാരവാഹികളുടെ ഭാവി രാഷ്ട്രീയം പ്രതിസന്ധിയിലാക്കുമെന്ന് ഗ്രൂപ്പ് മാനേജര്‍മാര്‍ ഭയപ്പെടുന്നു.
തദ്ദേശസ്വയം ഭരണ -നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കനത്തപരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിയെ കൈപിടിച്ച് കയറ്റാന്‍ ഏറ്റവും പ്രാപ്തനായ നേതാവെന്ന നിലയ്ക്കാണ് സുധാകരനെ കെ പി സി സി അധ്യക്ഷനാക്കാന്‍ ഏ കെ ആന്റണിയും രംഗത്ത് വരുന്നത്. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ കെ സുധാകരനെക്കാള്‍ നല്ലോരു നേതാവുമില്ല. സമീപകാലത്ത് കെ പി സി സിയില്‍ അഴിച്ചു പണിയുണ്ടായപ്പോഴൊക്കെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന പേരാണ് കെ സുധാകരന്റെത്. അന്ന് സ്വന്തം ഗ്രൂപ്പില്‍ നിന്ന് പോലും എതിര്‍പ്പുകളുണ്ടായി. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്ന സുധാകരനെ നേതൃത്വം ഏല്‍പ്പിക്കാനാകില്ലെന്നതായിരുന്നു ഇവരുടെ വാദം. ഇന്ന് ആ വിമര്‍ശനം ഉയര്‍ത്തിയ നേതാക്കള്‍ക്ക് പോലും ഹൈക്കമാണ്ടിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു.
ആകെ അവശതയിലായ പാര്‍ട്ടിക്ക് ഇന്ന് വേണ്ട മരുന്നായി മാറിയിരിക്കുകയാണ് സുധാകരന്റെ നേതൃത്വം. രണ്ട് തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധ ഫ്ളക്സുകളില്‍ ഒന്ന് ‘കെ. സുധാകരനെ വിളിക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നതായിരുന്നു. ആ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. പുതിയ കെ പി സി സി അധ്യക്ഷന്‍ എത്തുന്നതോടെ സംസ്ഥാനത്തെ എല്ലാ ഡി സി സികളും പുനസംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഒപ്പം കെ പി സി സിയിലും ഡി സി സിയുമുള്ള ജംബോ കമ്മറ്റികള്‍ക്ക് പകരമായി 12 അംഗ ഭാരവാഹിക പട്ടികളാവും ഇനി പാര്‍ട്ടിയെ നയിക്കുക.