സംസ്ഥാനത്ത് അങ്ങാടിക്കടകളിലൂടെ വിറ്റഴിക്കുന്നത് 657 ടണ്‍ പച്ചമരുന്നുകള്‍

Kerala

 

പ്രീത് തോമസ്‌

കോട്ടയം: സംസ്ഥാനത്ത് പ്രതിവര്‍ഷം അങ്ങാടിക്കടകളിലൂടെ വിറ്റഴിക്കുന്നത് 657 ടണ്‍ പച്ചമരുന്നുകള്‍. 13 കോടിയാണ് മേഖലയിലെ വിറ്റുവരവെന്നും സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തി.
1100 അങ്ങാടിക്കടകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 കടകള്‍ മാത്രമാണ് വലിയവ. 50 കടകള്‍ ഇടത്തരവും അവശേഷിക്കുന്ന 1000ത്തോളം ചെറുസ്ഥാപനങ്ങളുമാണ്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കടകളെന്നും വിവരശേഖരണത്തില്‍ കണ്ടെത്തി. ഏറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളും കടകളുടെ എണ്ണത്തില്‍ മുന്നിലാണ്. കുന്തിരിക്കം, കരിങ്ങാലി, കറ്റാര്‍ വാഴ തുടങ്ങിയവയാണ് കൂടുതലായി വിറ്റഴിക്കുന്നത്. സ്ഥിരം ഉപഭോക്താക്കളാണ് കൂടുതലെന്നും പുതിയവരില്‍ ഭൂരിഭാഗവും കറ്റാര്‍ വാഴ തേടിയാണ് എത്തുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

റീ ബില്‍ഡ് കേരളയുടെ ഭാഗമായിട്ടായിരുന്നു സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് അങ്ങാടിക്കടകളുടെ (പച്ചമരുന്ന് കടകള്‍) വിവരശേഖരണം നടത്തിയത്. ബോര്‍ഡിന്റെ ജില്ലാ കോഓര്‍ഡിറ്റേര്‍മാരുെട നേതൃത്വത്തില്‍ എന്‍.സി.സി കേഡറ്റുകളുടെയടക്കം സഹകരണത്തോടെയാണ് കണക്കുകള്‍ ശേഖരിച്ചത്.
രജിസ്‌ട്രേഷന്‍ സംവിധാനമില്ലാത്തതിനാല്‍ പച്ചമരുന്ന് കടകളുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൊന്നും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവരശേഖരണം നടത്തിയതെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ.സി.ജോര്‍ജ് തോമസ് പറഞ്ഞു.

ഔഷധചെടികളും മറ്റും വില്‍ക്കുന്നവരുടെ കണക്ക് വനംവകുപ്പില്‍ ലഭ്യമാണെങ്കിലും പച്ചമരുന്നുകള്‍ കടകള്‍ക്ക് എങ്ങും നിലവില്‍ രജിസ്‌ട്രേഷനില്ല. ഇതിനൊപ്പം
പച്ചമരുന്നിന്റെ വിപണമൂല്യം കണ്ടെത്തലും പദ്ധതിയുടെ ലക്ഷ്യമിരുന്നുവെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. വിപണമൂല്യം വ്യക്തമായാല്‍ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. നിലവില്‍ പച്ചമരുന്നുകള്‍ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും ഇതിടയാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തരം കടകളിലേക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളില്‍ ബഹുഭൂരിപക്ഷവും എത്തുന്നത്. എന്നാല്‍, എതൊക്കെ പ്രദേശമെന്ന കാര്യത്തില്‍ കച്ചവടക്കാര്‍ക്കും കൃത്യമായ ധാരണയില്ല.. എത്രയിനങ്ങള്‍ വില്‍ക്കുന്നു, വില എന്നിവയടക്കമുള്ളവയും ശേഖരിച്ചു. പച്ചമരുന്നുകള്‍ ശേഖരിച്ച് വിപണനം നടത്തി വലിയതോതില്‍ ഛത്തീസ്ഗഢ് വരുമാനം നേടുന്നുണ്ട്. ഇത്തരം സാധ്യതകളും പരിശോധിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് ഉടന്‍ ബോര്‍ഡ് സര്‍ക്കാരിന് കൈമാറും. ഇതില്‍ പഞ്ചായത്ത്തലത്തിലെങ്കിലും ഇത്തരം കടകള്‍ക്ക് രജിസ്‌ട്രേഷന്‍ നടപ്പാക്കണമെന്നും ഉല്‍പ്പനങ്ങളുടെ ഗുണനിലവാരം, കാലാവധി എന്നിവയില്‍ വ്യക്തത വരുത്തുമെന്ന ശിപാര്‍ശയും ബോര്‍ഡ് നല്‍കും

Leave a Reply

Your email address will not be published. Required fields are marked *