അതിരുകടന്ന ന്യൂനപക്ഷ പ്രീണനം കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനോ? ജന്‍പഥ് 10 ല്‍ കെ പി സി സി പ്രസിഡന്റിനെ തീരുമാനിക്കാനാവാതെ രാഹുലും കൂട്ടരും, ഒടുവിലത്തെ ചര്‍ച്ചകളുടെ പോക്ക് ഇങ്ങനെ

Latest News

 

ആര്‍ അജിരാജകുമാര്‍

ഡല്‍ഹി: കേരളത്തില്‍ പതിനെട്ട് അടവുകള്‍ പയറ്റിയിട്ടും ലക്ഷ്യം കാണാതെ പിന്മാറുന്ന അമിത് ഷായ്ക്കും കൂട്ടര്‍ക്കും മുന്നിലേക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന് ചിറക് മുളപ്പിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും കാരണ ഭൂതരാവുമോ?. കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവാതെ നാണംകെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാന നീക്കങ്ങള്‍ ഒരുപക്ഷേ ഗുണം ചെയ്യുക സംസ്ഥാനത്ത് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കലിനുള്ള ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ക്ക് ശക്തിപകര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല.

ഇന്നലെ ജന്‍പഥ് 10 ലെ ചര്‍ച്ചകളില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ മുന്നണി പോരാളി ബെന്നി ബെഹന്നാന്റെ പേരിനാണ് മുന്‍തൂക്കം. ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന എ ഗ്രൂപ്പിന്റെ പിടിവാശിയുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് പോക്കറ്റില്‍ തിരുകി രാഹുല്‍ ഗാന്ധിയുടെ നടപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍ പലതുകഴിഞ്ഞു. എ കെ ആന്റണിയും മുല്ലപ്പള്ളിക്ക് വേണ്ടി പച്ചക്കൊടി വീശിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്‌നിക് കേരളത്തിലെ ഡി സി സി പ്രസിഡന്റുമാരോട് പുതിയ കെ പി സി സി പ്രസിഡന്റ് ആരാകണമെന്ന് ചോദിച്ചപ്പോള്‍ ഉയര്‍ന്ന പേരുകള്‍ കെ മുരളീധരനും കെ സുധാകരനും മാത്രമായിരുന്നു.

ബെന്നിക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളിക്ക് വേണ്ടി ആന്റണിയുടെ മൗനാനുവാദം ഇങ്ങനെ പോകുന്നു ചര്‍ച്ചകളുടെ പോക്ക്. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായ വേളയില്‍ സംസ്ഥാനത്തെ സി പി എമ്മിലെ ചില ഉന്നതര്‍ സുധാകരന്റെ വരവ് തടയാന്‍ കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ സോണിയാ ഗാന്ധിയെ കണ്ടുവെന്ന വാര്‍ത്തകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അങ്ങാടിപ്പാട്ടാണ്. സുധാകരന്റെ വരവ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം സി പി എമ്മിലും ബി ജെ പിയിലും അണികളുടെ വന്‍ കൊഴിഞ്ഞുപോക്കിന് വരെ വഴിവെച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. ഇക്കാരണത്താല്‍ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് വരുന്നത് തടയാന്‍ രാഷ്ട്രീയ വൈര്യം മറന്ന് എല്ലാ നേതാക്കളും ഡല്‍ഹിയില്‍ ഒന്നിച്ചുവെന്നാണ് അന്തപ്പുറത്തെ സംസാരം. സുധാകരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് അമരത്ത് എത്തിയാല്‍ എ കെ ആന്റണിക്ക് പോലും കാര്യമായ സ്ഥാനം അണികളുടെ മനസില്‍ കിട്ടില്ലെന്ന മുന്നറിയിപ്പും സുധാകരന്റെ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലം വിശദീകരിച്ച് സി പി എമ്മിലെ ഉന്നത കേന്ദ്രങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ അറിയിച്ചു. കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കാമെന്ന ധാരണയില്‍ പുതിയ സ്ഥാനലബ്ദിയില്‍ നിന്ന് സൗകര്യപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു. കെ മുരളീധരന്റെ പൂര്‍വ്വകാല രാഷ്ട്രീയ ശൈലിയാണ് കെ പി സി സി അധ്യക്ഷനാകുന്നതിന് തടസ്സമായിരിക്കുന്നത്.

സോണിയാ ഗാന്ധിക്കെതിരെ നടത്തിയ മദാമ്മ പ്രയോഗവും, അഹ്മദ് പട്ടേലിനെതിരെ ഉന്നയിച്ച അലുമിനിയം പട്ടേല്‍ വിവാദ പ്രസംഗവും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും മറക്കാനാവുന്നില്ല. ഒപ്പം കെ പി സി സി അധ്യക്ഷ സ്ഥാനം വഹിച്ച കെ മുരളീധരന്‍, ഗ്രൂപ്പ് പോരിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഡി ഐ സി രൂപവത്കരിച്ചതും പിന്നീട് എന്‍ സി പിയില്‍ ചേക്കേറിയതും ചൂണ്ടിക്കാട്ടിയാണ് മുരളിയുടെ വരവിനെ അഹ്മദ് പട്ടേലും കൂട്ടരും തടഞ്ഞിരിക്കുന്നത്. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുന്ന എം എം ഹസനെ യു ഡി എഫ് കണ്‍വീനറാക്കാനുള്ള അണിയറ നീക്കങ്ങളും ഒരുവശത്ത് സജീവമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്ന ന്യൂനപക്ഷ പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയം ശരിവെക്കുന്ന തീരുമാനങ്ങളാവും വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും കേരളം വേദനയോടെ കേള്‍ക്കേണ്ടി വരിക. ബി ജെ പി സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത നടപടിയുടെ ഭാവിയും ഇനി രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്താല്‍ അത്ഭുതപ്പെടേണ്ടതില്ല.

യു ഡി എഫില്‍ ഘടകകക്ഷിപോലും അല്ലാതിരുന്ന കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് താലത്തില്‍വെച്ച് നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ മുറിവ് ഉണങ്ങും മുമ്പ് വീണ്ടും ന്യൂനപക്ഷ പ്രീണനവുമായി കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നത് അണികളിലും ഒപ്പം ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കിടയിലും വലിയ വിള്ളല്‍ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി ഒരുകാലത്ത് പറഞ്ഞുകേട്ടിരുന്ന വി എം സുധീരന്റെ മനംമാറ്റത്തിന്റെ പിന്നിലും സംസ്ഥാന കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളുടെ ന്യൂനപക്ഷ പ്രീണനമാണെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *