കണ്ണൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസ് മരത്തിലിടിച്ച് 15 പേര്‍ക്ക് പരിക്ക്

Kerala Latest News

കണ്ണൂര്‍: മാക്കൂട്ടം ചുരം പാതയില്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ ബസ് ഡ്രൈവര്‍ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തലശ്ശേരിയില്‍ നിന്നും ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ അമ്പാരി സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നാലോടെ പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാന്‍ കോവിലിനടുത്ത കൊടും വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കൂറ്റന്‍ മരത്തിലിടിക്കുകയായിരുന്നു. ബസ് മരത്തിലിടിച്ചു നിന്നിതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

പുലര്‍ച്ചെ നടന്ന അപകടം ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ ആളുകളാണ് പുറംലോകത്തെ അറിയിച്ചത്. വിവരമറിഞ്ഞ് ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടാതെ വിരാജ്‌പേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് മുന്‍ഭാഗം തകര്‍ന്ന ബസില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയര്‍ ഫോഴ്സ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിന്റെ ഫലമായി ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *