സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; കര്‍ശന നിയന്ത്രണങ്ങള്‍

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഇന്നു രാവിലെ ആറു മുതല്‍ 16ന് അര്‍ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇന്നു മുതല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു യാത്ര ചെയ്യാന്‍ പോലീസ് പാസ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. പാസില്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

അവശ്യസര്‍വീസുകാര്‍ക്കു സഞ്ചരിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് മതി. മറ്റുള്ളവര്‍ക്ക് കേരള പോലീസിന്റെ വെബ്‌സൈറ്റ് വഴി പാസിന് അപേക്ഷിക്കാം. ആവശ്യമായ ജില്ലയും പോലീസ് സ്റ്റേഷനും ക്ലിക്ക് ചെയ്തു നല്‍കിയാല്‍ അത്യാവശ്യക്കാര്‍ക്കു പാസ് ലഭിക്കും. വാട്‌സ്ആപ് നമ്പരുള്ളവര്‍ക്ക് ഇതുവഴിയും അല്ലാത്തവര്‍ക്ക് എസ്എംഎസ് വഴിയും പാസ് ലഭ്യമാക്കുമെന്നു പോലീസ് അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത അവശ്യസര്‍വീസുകാര്‍ക്കും പാസ് അനുവദിക്കും.

കൂടുതല്‍ സൗകര്യപ്രദമായ ഓണ്‍ലൈന്‍ സൗകര്യം ഇന്നു നിലവില്‍ വരുമെന്നും പോലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ചു. ജില്ല വിട്ടുള്ള യാത്രകള്‍ നടത്താന്‍ പ്രത്യേക പാസ് ആവശ്യമില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗം, രോഗികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ മറ്റ് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കായി ജില്ല വിട്ടു യാത്ര ചെയ്യാം. സത്യവാങ്മൂലം കരുതണം. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡ്, വിവാഹ ക്ഷണക്കത്ത് എന്നിവയും കരുതണം.

വിവാഹം, മരണം തുടങ്ങിയ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പുരോഹിതര്‍ക്കും സഞ്ചരിക്കാം. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് 25,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ടലുകളില്‍ ഭക്ഷണം പാഴ്‌സലായി നല്‍കുന്നതിനു തടസമില്ല. പാഴ്‌സല്‍ നല്‍കാനായി ഹോട്ടലുകള്‍ തുറക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിറ്റി കിച്ചണ്‍ തുറക്കും. ജനകീയ ഹോട്ടലുകളും ഉണ്ടാകും.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോക്ക്ഡൗണ്‍ ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം ഇടപാടു നടത്തണം.

ലോക്ക്ഡൗണ്‍ സമയത്ത് ചിട്ടി, കടം എന്നിവയുടെ കുടിശിക പിരിക്കാന്‍ വീടുകളില്‍ പോകരുത്.

അയല്‍വീടുകളുമായി സന്പര്‍ക്കം പുലര്‍ത്തുന്‌പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാക്കുക.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനു സാധിച്ചില്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

പുറത്തു പോകുന്നവര്‍ തിരികെ വരുന്‌പോള്‍ കുട്ടികളുമായി അടുത്തിടപഴകരുത്.

ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പ് ഉപയോഗിച്ചു കഴുകണം.

അതിഥിത്തൊഴിലാളികള്‍ക്ക് നിര്‍മാണസ്ഥലത്തുതന്നെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കണം. അതിനു പറ്റിയില്ലെങ്കില്‍ ഉടമയോ കരാറുകാരനോ വാഹനസൗകര്യം ഒരുക്കണം.

ഓക്‌സിജന്‍ അളവു പരിശോധിക്കാനുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കും.

ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പോലീസ് എത്തിച്ചു നല്‍കും. ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടാണു നടപടി.

മത്സ്യവിപണന കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. പച്ചക്കറി, പഴക്കടകള്‍ 50 ശതമാനം വീതം തുറക്കാന്‍ അനുവദിക്കും.

പോലീസ് പാസ് ഓണ്‍ലൈന്‍ സംവിധാനം വൈകുന്നേരത്തോടെ

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം.

പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകുന്നേരം നിലവില്‍ വരും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *