പി സി ജോര്‍ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം; അമിത് ഷാ- ജോര്‍ജ് കൂടിക്കാഴ്ച ഉടന്‍ ഡല്‍ഹിയില്‍

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിനെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തില്‍ അകപ്പെട്ട മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മുസ്ലിം തീവ്രവാദ സംഘടനകളുടെ സുരക്ഷാ ഭീഷണി ജോര്‍ജിനുണ്ടെന്ന കേന്ദ്ര ഇന്റലിജെന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കുന്നത്. കേരളത്തില്‍ ബി ജെ പി ദേശീയ നേതൃത്വവുമായി മാനസ്സിക അടുപ്പം പുലര്‍ത്തിവരുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അഭ്യര്‍ഥന കൂടി മുഖവിലയ്‌ക്കെടുത്താണ്‌ ജോര്‍ജിന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തിരക്കിട്ട ആലോചനകളിലേക്ക് കേന്ദ്രം നടപടി തുടങ്ങിയത്. ജൂണ്‍ മാസത്തില്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങും.

തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളത്തില്‍ പി സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തിനെതിരെ കേരള സര്‍ക്കാര്‍ കേസെടുക്കുകയും ജയിലില്‍ അടയ്ക്കുന്ന സാഹചര്യം വരെ കാര്യങ്ങള്‍ എത്തി. ഒടുവില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജോര്‍ജ് പുറത്തിറങ്ങിയത്. മുസ്ലിം തീവ്രവാദ രാഷ്ട്രീയത്തിനെതിരെ കേരളത്തില്‍ ഹിന്ദു- ക്രൈസ്തവ ഏകീകരണം വരുന്ന തിരഞ്ഞെടുപ്പുകളില്‍ ആയുധമാക്കാനാണ് ബി ജെ പി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ രാഷ്ട്രീയ നീക്കത്തിന് മുന്നോടിയായി പി സി ജോര്‍ജ്- അമിത് ഷാ കൂടിക്കാഴ്ച വൈകാതെ ഡല്‍ഹിയില്‍ നടന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ പത്തുവയസ്സുകാരന്‍ ഉയര്‍ത്തിയ പ്രകോപനപരമായ മുദ്രാവാക്യം വിളി മതേതരകേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇത്തരം തീവ്രവാദ സംഘടനകള്‍ക്കെതിരെ തുറന്നുപറച്ചില്‍ നടത്താന്‍ ധൈര്യം കാട്ടിയ പി സി ജോര്‍ജിന്റെ നിലപാടിന് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രത്യേകിച്ച് കത്തോലിക്ക സഭാ നേതൃത്വത്തിന്റെ ധാര്‍മ്മിക പിന്തുണ ഇതിനകം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞിടെ പാലാ രൂപത അധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബിഷപ്പിന് സര്‍വ്വ പിന്തുണയുമായി രംഗത്ത് വരാന്‍ പി സി ജോര്‍ജ് തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു.

ബി ജെ പി കാലങ്ങളായി മുസ്ലിം തീവ്രവാദത്തിനെതിരെ കേരളത്തില്‍ നടത്തിവരുന്ന ക്യാമ്പയിനുകളെക്കാള്‍ ജോര്‍ജിന്റെ തുറന്നുപറച്ചില്‍ ഹൈന്ദവര്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും വലിയ മനംമാറ്റത്തിന് വഴിവെച്ചാണ് കേന്ദ്ര ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്. കേരളത്തില്‍ മുസ്ലിം തീവ്രവാദ രാഷ്ട്രീയത്തിനെതിരെ ഹിന്ദു- ക്രൈസ്തവ സമുദായാഗങ്ങള്‍ക്കിടയിലുണ്ടായ ഏകീകരണം തിരിച്ചറിഞ്ഞ ബി ജെ പി കേന്ദ്ര നേതൃത്വം പി സി ജോര്‍ജിന് സര്‍വ്വ പിന്തുണയും നല്‍കണമെന്ന് കേരള ഘടകത്തോട് ആവശ്യപ്പെടുകയായിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ അടക്കം പ്രമുഖ നേതാക്കള്‍ പി സി ജോര്‍ജിന് പിന്തുണയുമായി ഓടിയെത്തിയത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ അഭിവാദ്യം അര്‍പ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളും പ്രവര്‍ത്തകരും മണിക്കൂറുകള്‍ കാത്തുനിന്നതും കേരളത്തില്‍ രൂപപ്പെടാന്‍ പോകുന്ന പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് തുടക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, പി സി ജോര്‍ജിനെ ബി ജെ പി പാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുവെന്ന സൂചനകളും വരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നില്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കുന്നതിലേക്ക് വരെ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചന തുടങ്ങികഴിഞ്ഞു. കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ പിന്തുണ വലിയ അളവില്‍ ഇടതുപക്ഷം സ്വന്തമാക്കിയതോടെ ക്രൈസ്തവ വോട്ടുകള്‍ നോട്ടമിട്ടാണ് ബി ജെ പിയുടെ അടുത്ത നീക്കങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *