ആര് അജിരാജകുമാര്‍
തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തി കടക്കെണിയിലായ പോപ്പുലര്‍ ഗ്രൂപ്പ് മാനേജ്‌മെന്റിനെതിരായ നിയമനടപടികള്‍ വൈകിപ്പിക്കാന്‍ പോലീസില്‍ കടുത്ത സമ്മര്‍ദ്ദം. പോപ്പുലര്‍ ഫിനാന്‍സില്‍ വര്‍ഷങ്ങളായി ബിനാമി ഇടപാടുകളില്‍ കോടികള്‍ നിക്ഷേപം നടത്തിയ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നതരാണ് പോപ്പുലര്‍ ഗ്രൂപ്പിനെ സംരക്ഷിക്കാന്‍ സജീവമായി രംഗത്തുള്ളത്.
ഇതിനിടെ നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ കഴിയാതായതോടെ സ്ഥാപന ഉടമകള്‍ രാജ്യം വിട്ടേക്കുമെന്ന സൂചനകള്‍ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകമാനം പോപ്പുലറില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിനാളുകള്‍ നിക്ഷേപതുക മടക്കി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി ഓഫീസുകളില്‍ എത്തിയിരുന്നു. ഇവരോട് 45 ദിവസങ്ങള്‍ക്കുള്ളില്‍ തുക മടക്കി നല്‍കാമെന്നാണ് ബ്രാഞ്ച് അധികാരികള്‍ നല്‍കുന്ന ഉറപ്പ്. എന്നാല്‍ കോടികള്‍ കടക്കെണിയിലായ സ്ഥാപനത്തെ രക്ഷിക്കാന്‍ ആര് മുന്നോട്ടുവരുമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സ്ഥാപനത്തിന് ബാങ്കുകള്‍ വായ്പകള്‍ നല്‍കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഉടമകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഡയറക്ടര്‍മാരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണമെന്നുമാണ് പണം നഷ്ടപ്പെട്ടവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് നയം തുടരുന്ന പോലീസിന്റെ ശൈലിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള ആലോചയിലാണ് ഇവര്‍. 55 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പോപ്പുലര്‍ ഗ്രൂപ്പില്‍ നിരവധി രാഷ്ട്രീയ പ്രമുഖര്‍ക്കും മതസാമൂഹിക രംഗത്തുള്ളവരും ബിനാമി ഇടപാടുകളില്‍ കോടികള്‍ നിക്ഷേപിച്ചുണ്ടെന്നാണ് വിവരം.
മാനേജ്‌മെന്റിനെതിരെ നിയമനടപടി തുടങ്ങിയാല്‍ ബിനാമി ഇടപാടുകളില്‍ കോടികള്‍ നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്താകുന്നത് വലിയ കോളിളക്കം ഉണ്ടാക്കുമെന്ന ആശങ്കയാണ് രാഷ്ട്രീയ നേതാക്കള്‍ക്കുള്ളത്. ഇതുകാരണം പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റിന് പരമാവധി സമയം നീട്ടികൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. തല്‍ക്കാലം പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സ്വീകരിക്കാനും മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന 45 ദിവസത്തിന് ശേഷം മാത്രം നിയമനടപടികള്‍ ആലോചിച്ചാല്‍ മതിയെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതിനിടെ പോപ്പുലര്‍ ഗ്രൂപ്പിന്റെ പതനം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലാണെന്ന മുന്നറിയിപ്പുകൂടിയാണ്.