പോപ്പുലര്‍ ഫിനാന്‍സിന് ശേഷം അടുത്തത് ആര് ? ആശങ്കയോടെ നിക്ഷേപകര്‍

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: സോപ്പുകുമിള പോലെ ലാഭക്കണക്കുകള്‍ വ്യാജമായി പെരുപ്പിച്ച് കാട്ടി നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പോപ്പുലര്‍ ഫിനാന്‍സിന് ശേഷം കേരളത്തില്‍ തകര്‍ച്ച നേരിടുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ?. ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള പരക്കം പാച്ചിലിലാണ് ഓണക്കാലത്ത് കേരളത്തിലെ ചെറുതും വലുതുമായ നിക്ഷേപക സമൂഹം.

ബാങ്ക് പലിശയെക്കാള്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വാഗ്ദാനം ചെയ്ത് 2000 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് മാനേജ്‌മെന്റ് തട്ടിയെടുത്തത്. സമാനമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന അഞ്ചോളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. നോട്ട് നിരോധനത്തോടെ കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളുടെയും അടിത്തറ ഇളകിത്തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി കോവിഡ് 19 കൂടി എത്തിയതോടെ ഏത് സമയവും തകര്‍ച്ചയിലേക്ക് കൂപ്പുകുത്താനൊരുങ്ങി ദിവസങ്ങള്‍ തള്ളിനീക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തില്‍ ഒട്ടനവധിയാണ്. കോവിഡ് കാലത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം നല്‍കി വന്ന മാസപ്പലിശ മുടങ്ങിയതാണ് അപ്രതീക്ഷിതമായി പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്.

പ്രതിസന്ധി നേരിടുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയിരുന്നു. പല സ്ഥാപനങ്ങളിലും പണം മടക്കി നല്‍കാന്‍ നിക്ഷേപകരോട് സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണ്ണപണയത്തിന് നല്‍കാന്‍ പോലും പണമില്ലാത്ത കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഇവര്‍ നേരിടുന്നത്. 2021 മാര്‍ച്ച് 31 വരെ സ്വര്‍ണ്ണവിലയുടെ 90 ശതമാനം തുക വായ്പയായി നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതോടെ, സ്വകാര്യസ്ഥാപനങ്ങള്‍ മാസപ്പലിശ ഈടാക്കി നല്‍കിയിരുന്ന പണത്തെക്കാള്‍ കൂടുതല്‍ തുക ബാങ്കുകള്‍ സ്വര്‍ണ്ണപണയ വായ്പ നല്‍കുന്നുണ്ട്. വാര്‍ഷിക പലിശ ഈടാക്കി ബാങ്കുകള്‍ സ്വര്‍ണ്ണ വായ്പ ആരംഭിച്ചതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഇനിയെങ്ങനെന്ന ചോദ്യമുയര്‍ത്തുന്നു.

കോടികള്‍ തട്ടിയെടുത്ത ശേഷം പാപ്പര്‍ ഹരജി കൊടുത്ത് രക്ഷപെടാന്‍ തയ്യാറെടുക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് മാനേജ്‌മെന്റിന്റെ പാത പിന്തുടരാന്‍ വെമ്പുന്ന ഫിനാന്‍സ് സ്ഥാപനങ്ങളെ സംസ്ഥാന പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇത്തരം സ്ഥാപനങ്ങളുടെ മുഴുവന്‍ പണമിടപാടുകളും നടത്തിപ്പുകാരുടെ വിദേശയാത്രകളും മറ്റ് ബിനിസസ്സുകളും അടിയന്തരമായി ശേഖരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിക്ഷേപകരില്‍ നിന്നും കോടികള്‍ വാങ്ങിയെടുത്ത ധനകാര്യ നടത്തിപ്പുകാര്‍ ഒട്ടനവധി ബിസിനസ്സുകളില്‍ പണം മുടക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക ബിസിനസ്സുകളും വന്‍ പ്രതിസന്ധി നേരിടുകയാണ്. ഓട്ടോ മൊബൈല്‍ രംഗം, റിയല്‍ എസ്‌റ്റേറ്റ്, മെഡിക്കല്‍ ലാബ്, എക്‌സ്‌പോട്ടിംഗ് തുടങ്ങിയ ബിസിനസ്സുകളിലാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ മുതല്‍ മുടക്കിയിരിക്കുന്നത്. എന്നാല്‍ മിക്ക സ്ഥാപനങ്ങളുടെയും സാമ്പത്തിക നില പരുങ്ങലിലാണ്. ഇതാണ് ആയിരക്കണക്കിന് വരുന്ന നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *