കടലാസ് കമ്പിനികള്‍ സ്ഥാപിച്ച് കോടികള്‍ വകമാറ്റിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും; അമിത പലിശ വാഗ്ദാനം ചെയ്യുന്ന കമ്പിനികള്‍ എല്ലാം അടച്ചുപൂട്ടിയ ചരിത്രം മലയാളികള്‍ മറക്കുന്നു

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരമില്ലാത്ത കടലാസ് കമ്പിനികള്‍ സ്ഥാപിച്ച് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. കേരള മണിലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചശേഷം വിവിധ കടലാസ് കമ്പിനികള്‍ രൂപവത്കരിച്ച് അമിത പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ നിക്ഷേപം സ്വീകരിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് നടപടി വരിക. 2500 കോടി രൂപയോളം പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ പേരില്‍ പിരിച്ചെടുത്ത ശേഷം കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് കടലാസ് കമ്പിനികളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നടത്തിപ്പുകാര്‍ നല്‍കിയിരുന്നത്.

ലിമിറ്റഡ് ലയബലിറ്റീസ് കമ്പിനികളായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലായാല്‍ പണം നിക്ഷേപിച്ചവര്‍ക്ക് മുതലും പലിശയും തിരികെ നല്‍കേണ്ടെന്ന വ്യവസ്ഥ മറച്ചുവെച്ചാണ് കോടികള്‍ പോപ്പുലര്‍ ഗ്രൂപ്പ് തട്ടിയെടുത്തത്. സമാനമായ പണാപഹരണം കേരളത്തിലെ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരുന്നത് കേരള പോലീസ് കണ്ടെത്തി കഴിഞ്ഞു. ബാങ്ക് പലിശയെക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് കേരളത്തില്‍ പിറവിയെടുത്ത മിക്ക ധനകാര്യ സ്ഥാപനങ്ങളും പാതിവഴിയില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ നടത്തിപ്പുകാര്‍ മുങ്ങുന്ന സാഹചര്യമോ ആണ് കേരളത്തിന്റെ മുന്‍കാല ചരിത്രം. ഇത്തരം ചതിക്കുഴികളില്‍ അകപ്പെടുന്ന മലയാളികള്‍ വീണ്ടും തട്ടിപ്പിനിരയാകുന്നുവെന്നതാണ് പില്‍ക്കാല ചരിത്രം. ബാങ്ക് പലിശയെക്കാള്‍ കൂടുതല്‍ തുക കിട്ടുന്നതും നികുതി വെട്ടിപ്പ് നടത്താമെന്ന ചിന്തയും ബിനാമി ഇടപാടുകളില്‍ ലഭിക്കുന്ന പണം സുരക്ഷിതമാക്കാനുള്ള വ്യഗ്രതയുമാണ് ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനളില്‍ നിക്ഷേപം നടത്താന്‍ കേരളീയരെ പ്രേരിപ്പിക്കുന്നത്. മലയാളികളുടെ ഈ ബലഹീനത തിരിച്ചറിഞ്ഞ സ്വകാര്യ പണമിടപാട് നടത്തിപ്പുകാര്‍ നാള്‍ക്കുനാള്‍ തടിച്ചുകൊഴുക്കുന്ന സ്ഥിതിവിശേഷം ചതിക്കുഴികളില്‍ വീണ് പാഠം പഠിക്കാത്ത മലയാളി വീണ്ടും മറക്കുന്നു.

12 ശതമാനം മുതല്‍ 14 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കാമെന്ന ഉറപ്പിലാണ് നിക്ഷേപകരുടെ പണം ഇവര്‍ സ്വീകരിക്കുന്നത്. ഈ തുക സ്വര്‍ണ്ണപണയത്തില്‍ നിക്ഷേപിച്ചാല്‍ പോലും മാസപ്പലിശ നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ സാധിക്കില്ലെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ലാഭം ലഭിക്കുന്നതിനായി വിവിധ പ്രോജക്ടുകളിലേക്ക് ധനകാര്യ സ്ഥാപന മേധാവികള്‍ കോടികള്‍ വകമാറ്റി ചെലവഴിക്കുന്നതോടെ കാര്യങ്ങള്‍ എല്ലാ തകിടം മറിയും. പ്രതീക്ഷിച്ച ലാഭം മുതല്‍ മുടക്കിയ പ്രോജക്ടുകളില്‍ കിട്ടാതാവുന്നതോടെ നിക്ഷേപകരുടെ മാസപ്പലിശ മുടങ്ങുന്ന സ്ഥിതിയിലാവും കാര്യങ്ങള്‍. 2500 കോടി രൂപ നിക്ഷേപമായി സ്വീകരിച്ച പോപ്പുലര്‍ ഫിനാന്‍സിന് പ്രതിമാസം 27 കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് മാസപ്പലിശ ഇനത്തില്‍ മാത്രം നല്‍കേണ്ടി വന്നത്. ഇതുകൂടാതെ ജീവനക്കാരുടെ ശമ്പളം, ഓഫീസ് വാടക, വൈദ്യുതി അടക്കമുള്ള അനുബന്ധ ചിലവുകള്‍ കൂടിയാവുമ്പോള്‍ വന്‍ തുകയാണ് പ്രതിമാസം അധികമായി കണ്ടെത്തേണ്ടിയിരുന്നത്. ഇത്രയും ഭാരിച്ച തുക നിക്ഷേപകരില്‍ നിന്നും പിരിഞ്ഞുകിട്ടാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.

അപ്രതീക്ഷിതമായി കോവിഡ് 19 എത്തിയതോടെ കൂനിന്മേല്‍ കുരുവായി കേരളത്തിലെ സ്വകാര്യ ധനകാര്യ നടത്തിപ്പുകാരുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരിക്കുന്നു. കേരള മണിലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം രജിസ്സര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശയെക്കാള്‍ രണ്ടുശതമാനം മാത്രമാണ് അധികമായി ഈടാക്കുവാന്‍ കഴിയുക.

വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടാല്‍ അമിത പലിശ കണ്ടുകെട്ടാനും സ്ഥാപനത്തിനെതിരെ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വായ്പ എടുത്തയാളെ ഭീഷണിപ്പെടുത്തിയാല്‍ പോലീസിന് ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയെ അറസ്റ്റ് ചെയ്യാന്‍ കേരള മണിലെന്‍ഡേഴ്‌സ് ആക്ടില്‍ നിയമമുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കും ഭരണവര്‍ഗ്ഗത്തിനും പോലീസിനും കൃത്യമായി പിരിവുകള്‍ നല്‍കുന്നതിനാല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തിവരുന്ന പീഢനങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്.
പോപ്പുലര്‍ ഫിനാന്‍സ് പോലുള്ള കറക്ക് കമ്പിനികളെ നിയന്ത്രിക്കാന്‍ നികുതി വകുപ്പ് ഓണത്തിന് ശേഷം നടപടിയെക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പല കമ്പിനികളും പയറ്റുന്ന തന്ത്രം. ഇതുകാരണം സംസ്ഥാന സര്‍ക്കാരിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാല്‍ പരിമിതിയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *