പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത് വനിതാ ഡോക്ടര്‍മാര്‍

Latest News

 

സ്വന്തം പ്രതിനിധി

പത്തനംതിട്ട: 2500 കോടി രൂപയുടെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിനെ വെല്ലുന്ന തരത്തില്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്താന്‍ കരുക്കള്‍ നീക്കിയത് സഹോദരിമാരായ വനിതാ ഡോക്ടര്‍മാര്‍. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് ഉടമ റോയി ഡാനിയലിന്റെ മക്കളായ ഡോ. റിനു മറിയം തോമസും, ഡോ. റിയ ആന്‍ തോമസുമാണ് വര്‍ഷങ്ങളായി നിക്ഷേപകരില്‍ കടലാസ് കമ്പിനികളുടെ പേരില്‍ വാങ്ങിച്ചെടുത്ത കോടികള്‍ വിദേശ രാജ്യങ്ങളിലെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. 2014 ല്‍ പോപ്പുലര്‍ ഗ്രൂപ്പിന്റെ സി ഇ ഒ പദവിയില്‍ എത്തിയ റിനുവിനും കമ്പിനി ഡയറക്ടറായ റിയയ്ക്കും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്താന്‍ ഉപദേശം നല്‍കിയ വ്യക്തി ആരെന്ന വിവരവും അന്വേഷണ
സംഘം ശേഖരിച്ചുകഴിഞ്ഞു. വിദേശത്ത് നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങിയ ശേഷം കാലക്രമേണ രാജ്യം വിടാനായിരുന്നു ഇരുവരും ആലോചിച്ചിരുന്നത്. റിനു മറിയം തോമസ് തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദീര്‍ഘകാലം ഡോക്ടറായി സേവനം ചെയ്തിരുന്നു. റിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ് അപ്രതിക്ഷിതമായി തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ടത്. തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ റിയയുടെ സര്‍ക്കാര്‍ ജോലി തുലാസിലായിരിക്കുകയാണ്.

അതേസമയം, പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു. റോയ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിന് ഇവര്‍ക്കെതിരെ നിക്ഷേപകരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ കോന്നി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഈ കേസ് അന്വേഷിച്ചിട്ടുള്ളതും, പ്രതികള്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, തെറ്റിദ്ധരിപ്പിച്ചു ചതിയും വഞ്ചനയും നടത്തി, മറ്റു കടലാസ് കമ്പനികളിലേക്ക് വകമാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചു വിദേശനിക്ഷേപം നടത്തിയിട്ടുള്ളതാണ്. പോലീസ് കേസെടുത്തതറിഞ്ഞു ഉടമയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍ പിടിയിലായിരുന്നു. അവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ റോയ് ഡാനിയേലിനെയും ഭാര്യ പ്രഭ തോമസിനെയും ഇന്നലെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലസ്സ് മജിസ്‌ട്രേറ്റ് കോടതി 2 ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലായി 250 ശാഖകളിലെ നിക്ഷേപകരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും, നിക്ഷേപകരെ കബളിപ്പിച്ച പണം കടത്തിക്കൊണ്ടു പോയതിനെക്കുറിച്ചും അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. അഞ്ചാം പ്രതിയായ ഉടമയുടെ മകളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ കോന്നി പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചുതരുന്നതിന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കിയിട്ടുള്ളതിനാല്‍ അവ ഈ കേസുമായി ചേര്‍ത്ത് അന്വേഷണം വ്യാപിപ്പിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *