കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചി മെട്രോയുടെ സമയത്തില്‍ ക്രമീകരണം

Kerala Latest News

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ സമയത്തിലും ക്രമീകരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 6 മണി മുതല്‍ 10 മണി വരെയും സര്‍വ്വീസ് നടത്തും.

എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പീക്ക് ടൈമില്‍ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സര്‍വ്വീസ്. ശനി,ഞായര്‍ ദിവസങ്ങളില്‍ പീക് ടൈമിലും സാധാരണ സമയത്തും 15 മിനിറ്റ് ഇടവിട്ടാകും സര്‍വ്വീസ് നടത്തുക. കൊവിഡിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവാണ് സമയ ക്രമീകരണത്തിന് കാരണം.

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 35,013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published. Required fields are marked *