KERALA HIGH COURT

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

Kerala Latest News

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതിന് ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി, സിപിഐഎം എന്നിവരാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുതിയ നിയമസഭ നിലവില്‍ വരുമ്പോള്‍ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും.

കൂടാതെ, രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. പുതിയ നിയമ സഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നുവെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഏപ്രില്‍ 21 ന് മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഈ മാസം 31 നകം നാമനിര്‍ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *