പി.എസ്.സിയെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്പില്‍

Kerala Latest News

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി.

‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ സഹ്യപര്‍വതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാര്‍ഥികളുടെ താല്‍പര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. അത് പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കാന്‍ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ക്കു വേണ്ടി ആവശ്യപ്പെടുകയാണ്’ ഷാഫി പറഞ്ഞു.

റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീല്‍ പോകുന്നത്, അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ഉദാരമായ സമീപനം വെച്ചുപുലര്‍ത്തി യോഗ്യതയുള്ളവരെ സര്‍വീസില്‍ കൊണ്ടുവരാന്‍ അല്‍പം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. തൊഴില്‍ കിട്ടാന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും അതിനു പകരം പിടിവാശി ആരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *